
തമിഴ്നാട്ടില്‍ വലിയ സെന്‍സേഷനായി മാറിയിരിക്കുകയാണ് പ്രദീപ് രംഗനാഥനെ നായകനാക്കി അശ്വത് മാരിമുത്തു സംവിധാനം ചെയ്ത ഡ്രാഗണ്‍. ചിത്രത്തിന്റെ കഥയ്ക്കും സംവിധാനത്തിനുമൊപ്പം കഥാപാത്രങ്ങളും അഭിനേതാക്കളുടെ പ്രകടനവും ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്. സിനിമയിലെ കയാദു ലോഹറിന്റെ കഥാപാത്രം മികച്ച പ്രതികരണമാണ് സ്വന്തമാക്കുന്നത്. ഇപ്പോള്‍ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ട അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് കയാദു.
ആദ്യം ചിത്രത്തിൽ അനുപമ പരമേശ്വരൻ അവതരിപ്പിച്ച കീർത്തി എന്ന കഥാപാത്രത്തിലേക്കായിരുന്നു വിളിച്ചിരുന്നത്. എന്നാൽ പിന്നീട് മറ്റ് അപ്ഡേറ്റുകൾ ഒന്നും ഉണ്ടായില്ലെന്നും സിനിമ കയ്യിൽ നിന്ന് പോയെന്ന് കരുതി സങ്കടപ്പെട്ട് നിൽക്കുമ്പോഴാണ് പല്ലവി എന്ന കഥാപാത്രമാകാന്‍ കോൾ വന്നതെന്നും കയാദു പറഞ്ഞു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടാണ് നടിയുടെ പ്രതികരണം.
'ഡ്രാഗൺ സിനിമയുടെ കഥ സൂം കോളിലൂടെയാണ് അശ്വത് പറയുന്നത്. ആദ്യം കീർത്തിക്കു വേണ്ടിയായിരുന്നു. കഥ കേട്ടപ്പോൾ വളരെ ആവേശത്തിലായിരുന്നു ഞാൻ. പക്ഷെ പിന്നീട് അദ്ദേഹത്തിൽ നിന്ന് കോൾ ഒന്നും വന്നില്ല. സത്യം പറഞ്ഞാൽ, ആ പ്രോജക്റ്റ് നഷ്ടപ്പെട്ടു എന്നാണ് കരുതിയത്. വിഷമം ഉണ്ടായിരുന്നു. ഒരു മാസത്തിനുശേഷം അദ്ദേഹം വീണ്ടും എന്നെ ബന്ധപ്പെടുകയും പല്ലവിക്കുവേണ്ടി കഥ പറയുകയും ചെയ്തു. അദ്ദേഹം കഥ പറഞ്ഞു കഴിഞ്ഞപ്പോൾ, കീർത്തി മാറി, പല്ലവിയിലേക്ക് എന്നെ കാസ്റ്റ് ചെയ്തതില്‍ എനിക്ക് അല്‍പം ആശയക്കുഴപ്പം ഉണ്ടായിരുന്നു.
5 മിനിറ്റിനുള്ളിൽ അദ്ദേഹം വീണ്ടും വിളിച്ചു. സിനിമയിലെ സെക്കന്റ് ഹീറോയിൻ ആണെന്ന് കരുതരുത. ഈ കഥാപാത്രത്തിന് പ്രാധാന്യമുണ്ട്. ആളുകൾ നിങ്ങളെയും പല്ലവിയെയും സ്നേഹിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നുവെന്ന് പറഞ്ഞു. അശ്വത് മാരിമുത്തുവിന്റെ സിനിമയിൽ എപ്പോഴും ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടാകും. ഈ സിനിമയുടെ കഥ രണ്ടുതവണ കേട്ടതിനു ശേഷം, പല്ലവി എന്ന കഥാപാത്രത്തിന്റെയും മുഴുവനായി മനസ്സിലാക്കിയതിനു ശേഷം, ഈ കഥാപാത്രത്തെ ഒരിക്കലും നഷ്ടപ്പെടുത്തില്ലെന്ന് ഞാന്‍ ഉറപ്പിച്ചു.
നിങ്ങൾ നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിച്ചതിന്, പല്ലവിയെ എനിക്ക് നൽകിയതിന് അശ്വതിന് നന്ദി,' കയാദു പറഞ്ഞു.
അതേസമയം, തിയേറ്ററുകളില്‍ മികച്ച കുതിപ്പ് തുടരുകയാണ് ഡ്രാഗണ്‍. തമിഴിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ സിനിമയെന്ന നേട്ടമാണ് ഇപ്പോള്‍ ഡ്രാഗണ്‍ സ്വന്തമാക്കിയിരിക്കുന്നത്. അജിത് സിനിമയായ വിടാമുയര്‍ച്ചിയെ മറികടന്നാണ് ഡ്രാഗണ്‍ ഈ നേട്ടത്തിലേക്ക് എത്തിയത്. സിനിമയുടെ ആഗോള കളക്ഷന്‍ ഇപ്പോള്‍ 140 കോടി പിന്നിട്ടിരിക്കുകയാണ്. മികച്ച പ്രതികരണമാണ് കേരളത്തില്‍ നിന്നും ഡ്രാഗണിന് ലഭിക്കുന്നത്. പ്രദര്‍ശനത്തിനെത്തി മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ പ്രേക്ഷക പ്രതികരണം കണക്കിലെടുത്ത് കേരളത്തില്‍ ചിത്രത്തിന്റെ സ്‌ക്രീന്‍ കൗണ്ട് കൂട്ടിയിട്ടുണ്ട്.
Content highlights: Kayadu Lohar talks about entry of Dragon's cinema