വിജയ് സേതുപതി ഇത്രയേയുള്ളൂ എന്ന് പലരും പറഞ്ഞു, തിരുത്തി പറയിപ്പിച്ചത് ആ ചിത്രം

'നമ്മൾ ജീവിതത്തിൽ തോറ്റു പോകുന്ന സാഹചര്യം വരുമ്പോൾ നമ്മൾ വിശ്വസിക്കുന്ന തൊഴിൽ നമ്മളെ രക്ഷിക്കും'

dot image

വിജയ് സേതുപതിയെ നായകനാക്കി നിതിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത ചിത്രമാണ് മഹാരാജ. കഴിഞ്ഞ വർഷം തമിഴിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രങ്ങളുടെ പട്ടികയിൽ മഹാരാജയും ഉൾപ്പെട്ടിരുന്നു. വിജയ് സേതുപതിയുടെ കരിയറിലെ ആദ്യ 100 കോടി സിനിമയും മഹാരാജ ആയിരുന്നു. ഇപ്പോഴിതാ മഹാരാജയുടെ വിജയം തനിക്ക് എപ്പോഴും പ്രിയപ്പെട്ടതായിരിക്കുമെന്നും തോറ്റു പോകുന്ന സാഹചര്യത്തിൽ തന്നെ രക്ഷിച്ചത് മഹാരാജയാണെന്നും പറയുകയാണ് വിജയ് സേതുപതി. തമിഴ് ബിഹൈൻഡ് വുഡ്‌സ് അവാർഡ്‌സിൽ സംസാരിക്കെയായിരുന്നു പ്രതികരണം.

'ഈ സിനിമയുടെ വിജയം എപ്പോഴും എന്റെ മനസ്സിൽ നിലനിൽക്കും. കാരണം രണ്ടു മൂന്ന് വർഷം എന്റെ ചിത്രങ്ങൾ പ്രതീക്ഷിച്ചിരുന്ന വിജയം നേടിയിരുന്നില്ല. അത്രേയേയുള്ളൂ വിജയ് സേതുപതി എന്ന് പറയുമ്പോൾ അല്ല മഹാരാജയാണ് എന്ന് തിരുത്തി പറയിപ്പിച്ച ചിത്രമാണിത്. ഈ സിനിമ വിജയിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു പക്ഷെ ഇത്രയും ദൂരം ചൈനയും മറ്റു രാജ്യങ്ങളും കടന്ന് ആളുകളെ സ്വാധീനിക്കുമെന്ന് കരുതിയില്ല. നമ്മൾ ജീവിതത്തിൽ തോറ്റു പോകുന്ന സാഹചര്യം വരുമ്പോൾ നമ്മൾ വിശ്വസിക്കുന്ന തൊഴിൽ നമ്മളെ രക്ഷിക്കും. എന്റെ തൊഴിൽ രക്ഷിച്ച ചിത്രമാണ് മഹാരാജ,' വിജയ് സേതുപതി പറഞ്ഞു.

ഇന്ത്യയിൽ വലിയ വിജയം നേടിയ സിനിമ ചൈനയിലും റിലീസ് ചെയ്തിരുന്നു. മികച്ച അഭിപ്രായവും കളക്ഷനുമാണ് ചിത്രം നേടിയിരുന്നത്. നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത മഹാരാജ സസ്പെൻസ് ത്രില്ലർ വിഭാഗത്തിലൊരുങ്ങിയ ചിത്രമാണ്. അഭിരാമി, അരുൾ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു. പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറിൽ സുദൻ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിർമ്മിച്ചത്.

Content highlights: Vijay Sethupathi talks about the success of the movie Maharaja

dot image
To advertise here,contact us
dot image