രജനികാന്തിനൊപ്പമോ അതോ എതിര്‍ചേരിയിലോ?; ലോകേഷിന്റെ പോസ്റ്റിന് പിന്നാലെ ആമിര്‍ ഖാനോട് ആരാധകര്‍

ആമിര്‍ ഖാനൊപ്പമുള്ള ഒരു ഫോട്ടോയാണ് ലോകേഷ് പങ്കുവെച്ചിരിക്കുന്നത്

dot image

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് കൂലി. ചിത്രത്തിന്റെ വര്‍ക്കുകള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. സിനിമയില്‍ ആമിര്‍ ഖാനും ഭാഗമാകുന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചില ലൊക്കേഷന്‍ ചിത്രങ്ങളും മറ്റ് അഭിനേതാക്കള്‍ പങ്കുവെച്ച വീഡിയോകളും ആമിര്‍ ഖാന്‍ കൂലിയില്‍ ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ വര്‍ധിപ്പിച്ചു. എങ്കിലും അണിയറ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഔദ്യോഗികമായ സ്ഥിരീകരണമൊന്നും വന്നിരുന്നില്ല.

എന്നാല്‍ ലോകേഷ് കനകരാജ് ആമിര്‍ ഖാന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് പങ്കുവെച്ച കുറിപ്പും ചിത്രവും അഭ്യൂഹങ്ങള്‍ ഏകദേശം ഉറപ്പിച്ചിരിക്കുകയാണ്. ആമിര്‍ ഖാനൊപ്പമുള്ള ചിത്രമാണ് ലോകേഷ് പങ്കുവെച്ചിരിക്കുന്നത്. 'നല്ല സംഭാഷണങ്ങള്‍ക്ക് നന്ദി, സിനിമയെ കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടും അഭിനിവേശവും എനിക്ക് എക്കാലവും പ്രചോദനമാണ്. സ്‌ക്രീനില്‍ ഇനിയുമിനിയും മാജിക് സൃഷ്ടിക്കാനാകട്ടെ,' എന്നാണ് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ലോകേഷ് എഴുതിയിരിക്കുന്നത്.

കൂലിയെ കുറിച്ച് ഇതില്‍ എവിടെയും പരാമര്‍ശമില്ലെങ്കിലും ചിത്രത്തില്‍ ആമിര്‍ ഖാനുണ്ടെന്ന് ഉറപ്പിക്കാന്‍ ഇതില്‍ കൂടുതല്‍ തെളിവ് വേണ്ടെന്നാണ് ആരാധകപക്ഷം. നേരത്തെ രജനികാന്ത് അടക്കം പല പ്രധാന കഥാപാത്രങ്ങളുടെയും പോസ്റ്ററുകള്‍ പുറത്തുവന്നിരുന്നു. ആമിര്‍ ഖാന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ എന്ന് കാണാനാകുമെന്നാണ് ആരാധകരുടെ ഇപ്പോഴത്തെ ചോദ്യം. ചിത്രത്തില്‍ രജനികാന്തിന്റെ നായകകഥാപാത്രത്തോടൊപ്പമാണോ അതോ എതിര്‍ചേരിയിലാണോ ആമിര്‍ ഖാന്‍ എന്ന് അറിയാന്‍ മാത്രമേ ഇനി ബാക്കിയുള്ളു എന്നും ചിലര്‍ കമന്റുകളില്‍ പറയുന്നുണ്ട്.

നാഗാര്‍ജുന അക്കിനേനി , ഉപേന്ദ്ര, സത്യരാജ്, സൗബിന്‍ ഷാഹിര്‍, ശ്രുതി ഹാസന്‍ , റീബ മോണിക്ക ജോണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് കൂലിയുടെ സംഗീത സംവിധാനം.

കൂലി എല്‍സിയുവിന്റെ ഭാഗമല്ലെന്നും ഇത് ഒരു സ്റ്റാന്‍ഡ്എലോണ്‍ സിനിമയാണെന്നും ലോകേഷ് കനകരാജ് നേരത്തെ പറഞ്ഞിരുന്നു. പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം മെയ് ഒന്ന് തൊഴിലാളി ദിനത്തില്‍ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും. ഗിരീഷ് ഗംഗാധരന്‍ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഫിലോമിന്‍ രാജ് ആണ്.

Content Highlights: Lokesh Kanagaraj's birthday wishes to Aamir Khan hints his presence in Rajinikant movie Coolie

dot image
To advertise here,contact us
dot image