
പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് സലാർ. വലിയ കാൻവാസിൽ ഒരുങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് മികച്ച കളക്ഷൻ നേടിയാണ് തിയേറ്റർ വിട്ടത്. ആഗോള തലത്തിൽ 600 കോടിയിലധികം ചിത്രം നേടിയെന്നാണ് റിപ്പോർട്ട്. പൃഥിരാജും സിനിമയിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. മാർച്ച് 21 നാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. കോയ്മോയിയുടെ റിപ്പോർട്ട് പ്രകാരം 24 മണിക്കൂറിൽ 23,700 ടിക്കറ്റുകളാണ് ഇതുവരെ സലാറിന്റേതായി വിറ്റിരിക്കുന്നത്. റീ റിലീസിൽ ചിത്രം മികച്ച കളക്ഷൻ സ്വന്തമാകുമെന്നാണ് റിപ്പോർട്ടുകൾ.
ഹൈദരാബാദിലും വിശാഖപ്പട്ടണത്തും ആണ് ചിത്രത്തിന്റെ ബുക്കിങ്ങ് ആരംഭിച്ചത്. സിനിമയുടെ പ്രതികരണങ്ങൾ കണക്കിലെടുത്ത് അധിക ഷോകൾ കൂടി കൂട്ടിച്ചേർത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഏകദേശം 22 ഷോകൾ സലാറിന്റേതായി പൂർണ്ണമായി ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് കോയ് മോയ് റിപ്പോർട്ട് ചെയ്യുന്നത്. ബുക്കിങ്ങിന്റെ അടിസ്ഥാനത്തിൽ പവൻ കല്യാൺ ചിത്രം ഗബ്ബർ സിങ്ങിന്റെ റി റിലീസിന്റെ ആദ്യദിന കളക്ഷൻ സലാർ മറികടക്കുമെന്നാണ് വിലയിരുത്തലുകൾ.
2023 ലെ ക്രിസ്മസ് റിലീസായാണ് സലാർ എത്തിയത്. ഡിസംബര്‍ 22ന് എത്തിയ ചിത്രം തിയറ്ററിലെ വമ്പൻ വിജയത്തിന് ശേഷം ഒടിടിയിലും ഏറെ ചർച്ചയായിരുന്നു. പ്രശാന്ത് നീൽ തന്നെയാണ് സിനിമയുടെ കഥയും, തിരക്കഥയും ഒരുക്കിയത്. രണ്ട് സുഹൃത്തുക്കൾ എങ്ങനെ കൊടും ശത്രുക്കളായി മാറപ്പെടുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗാണ്ടുർ, കെ വി രാമ റാവു എന്നിവർ ചേർന്നായിരുന്നു ചിത്രം നിർമിച്ചത്. ശ്രുതി ഹാസൻ, ജഗപതി ബാബു, ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.
അതേസമയം, പൃഥ്വിരാജിന്‍റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം എമ്പുരാന്‍ ആണ്. മാർച്ച് 27 ന് ചിത്രം തിയേറ്ററുകളിലെത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.
Content highlights: Salar re-release has reportedly sold 23,700 tickets so far