
മലയാളസിനിമാചരിത്രത്തിലെ ഏറ്റവും വലിയ റിലീസിന് തയ്യാറെടുക്കുകയാണ് എമ്പുരാൻ. റിലീസ് അനിശ്ചിതത്വങ്ങൾക്ക് വിരാമം കുറിച്ച് മാർച്ച് 27ന് തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന ഔദ്യോഗിക അറിയിപ്പ് വന്നതോടെ സിനിമയുടെ ഹൈപ്പും പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്.
ബോക്‌സ് ഓഫീസ് കളക്ഷനിൽ റെക്കോർഡുകൾ സ്വന്തമാക്കുമെന്ന പ്രതീക്ഷയുമായി എത്തുന്ന ചിത്രം ഓവർസീസിൽ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രമുഖ ട്രാക്കേഴ്‌സായ ഫോറം റീൽസാണ് ഓവർസീസിലെ തിയേട്രിക്കൽ അഡ്വാൻസിനെ കുറിച്ചുള്ള കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
30 കോടിയാണ് ചിത്രം എമ്പുരാൻ ഓവർസീസിൽ തിയേറ്റർ അഡ്വാൻസായി നേടിയിരിക്കുന്നത് എന്നതാണ് ഫോറം റീൽസ് പറയുന്നത്. മറ്റ് ചില ട്രാക്കിങ് പേജുകളും ഇക്കാര്യം ശരിവെക്കുന്നുണ്ട്.
ദുൽഖറിന്റെ കിംഗ് ഓഫ് കൊത്തയായിരുന്നു നേരത്തെ മലയാളത്തിൽ ഏറ്റവും കൂടുതൽ തുക ഓവർസീസിൽ തിയേറ്റർ അഡ്വാൻസായി നേടിയ ചിത്രം. 14.8 കോടിയായിരുന്നു ഇതെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ കണക്കുകൾ ശരിയാണെങ്കിൽ ഇരട്ടിയിലേറെ തുക നേടിക്കൊണ്ടാണ് മോഹൻലാലും പൃഥ്വിരാജും ഓവർസീസിൽ ആധിപത്യം ഉറപ്പിച്ചിരിക്കുന്നത്.
FR EXCLUSIVE; 📢#Empuraan's overseas theatrical advance secures a monumental ₹30 crore plus, setting an all-time record for a Malayalam film, more than double the previous benchmark.
— Forum Reelz (@ForumReelz) March 15, 2025
HISTORIC. 🔥#L2E pic.twitter.com/2Y5d4h1Ezw
അതേസമയം, ലൈക്ക പ്രൊഡക്ഷൻസുമായി ബന്ധപ്പെട്ട് സിനിമയുടെ റിലീസിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ചില ആശങ്കകൾ ഉയർന്നിരുന്നു. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസും സുഭാസ്‌ക്കരന്റെ ലൈക്കയും ചേർന്നായിരുന്നു എമ്പുരാൻ നിർമിച്ചത്. ലൈക്ക പ്രൊഡക്ഷൻസിന്റേതായി മുൻപ് പുറത്തിറങ്ങിയ ഇന്ത്യൻ 2 ഉൾപ്പടെയുള്ള സിനിമകൾ ബോക്‌സ് ഓഫീസിൽ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ഈ സിനിമയുടെ നഷ്ടം നികത്താതെ ലൈക്കയുടെ സിനിമകൾ റിലീസ് ചെയ്യാൻ തിയേറ്ററുകൾ തയ്യാറാകുന്നില്ലെന്നതായിരുന്നു നേരത്തെ പുറത്തുവന്ന വാർത്ത.
സിനിമയുടെ ഒടിടി, ഓവർസീസ്, മറ്റു ഭാഷകളിലെ ഡിസ്ട്രിബ്യൂഷൻ തുകകളോട് ലൈക്കയ്ക്ക് യോജിക്കാനാകുന്നില്ലെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ ഗോകുലം മൂവീസ് കൂടി നിർമാണ പങ്കാളിയായതോടെ അനിശ്ചിതത്വങ്ങളെല്ലാം അവസാനിച്ചിരിക്കുകയാണ്. മാർച്ച് 27ന് തന്നെ എമ്പുരാൻ തിയേറ്ററുകളിലെത്തും.
Content Highlights: Empuraan creates history in overseas theatrical advance