
എമ്പുരാന്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടയുണ്ടായ പ്രശ്ങ്ങള്‍ പരിഹരിക്കപ്പെട്ടിരിക്കുകയാണ്. പ്രമുഖ നിര്‍മാതാവായ ഗോകുലം ഗോപാലന്റെ ഇടപെടലാണ് ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വങ്ങള്‍ ദുരീകരിച്ചത്. നേരത്തെ പ്രഖ്യാപിച്ചതുപോലെ മാര്‍ച്ച് 27ന് തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് ഗോകുലം ഗോപാലന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
റിപ്പോര്‍ട്ടറിന് നല്‍കിയ പ്രത്യേക പ്രതികരണത്തില്‍ എമ്പുരാന്‍ സിനിമ ഏറ്റെടുത്തതിനെ കുറിച്ച് അദ്ദേഹം ചുരുങ്ങിയ വാക്കുകളില്‍ വിശദീകരിച്ചു. ലൈക്കയും ആശിര്‍വാദും തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ പരിഹരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
'അവരുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാനാണല്ലോ നമ്മള്‍ ശ്രമിക്കേണ്ടത്. അതുകൊണ്ടാണ് ഇടപെട്ടത്. ആര്‍ക്കും ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ തര്‍ക്കം തീര്‍ത്തു എന്നാണ് എന്റെ വിശ്വാസം. 27ന് തന്നെ ചിത്രം റിലീസാകും എന്നാണ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഉടനെ അറിയിക്കുന്നതായിരിക്കും,' ഗോകുലം ഗോപാലന്‍ പറഞ്ഞു.
ലൈക്ക മുടക്കിയ പണം അവസാന ഘട്ടത്തില്‍ മൊത്തമായി കൊടുക്കേണ്ടി വന്നിരിക്കുമല്ലോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. കൊടുക്കല്‍-വാങ്ങല്‍ ന്യായമായ വഴികളിലൂടെ നടത്തുന്ന ബിസിനസുകാരെ സംബന്ധിച്ചിടത്തോളം ഇതൊന്നും ബുദ്ധിമുട്ടുള്ള കാര്യമല്ല. ബാങ്കും ഫൈനാന്‍സ് കമ്പനിക്കാരും സഹായിക്കുന്ന സാഹചര്യം ഇന്നുണ്ടെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു. എമ്പുരാന്റെ വിജയത്തില്‍ ജനങ്ങളുടെയും മാധ്യമങ്ങളുടെയും വലിയ സഹകരണമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസും സുഭാസ്‌ക്കരന്റെ ലൈക്കയും ചേര്‍ന്നായിരുന്നു എമ്പുരാന്‍ നിര്‍മിച്ചത്. ലൈക്ക പ്രൊഡക്ഷന്‍സിന്റേതായി മുന്‍പ് പുറത്തിറങ്ങിയ ഇന്ത്യന്‍ 2 ഉള്‍പ്പടെയുള്ള സിനിമകള്‍ ബോക്സ് ഓഫീസില്‍ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ഈ സിനിമയുടെ നഷ്ടം നികത്താതെ ലൈക്കയുടെ സിനിമകള്‍ റിലീസ് ചെയ്യാന്‍ തിയേറ്ററുകള്‍ തയ്യാറാകുന്നില്ലെന്നതായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്ത. ഇപ്പോള്‍ ലൈക്കയില്‍ നിന്നും ചിത്രം ഏറ്റെടുത്തതോടെ ഗോകുലം മൂവിസ് നിര്‍മാണ പങ്കാളിയാകും.
സിനിമയുടെ ഒടിടി, ഓവര്‍സീസ്, മറ്റു ഭാഷകളിലെ ഡിസ്ട്രിബ്യൂഷന്‍ തുകകളോട് ലൈക്കയ്ക്ക് യോജിക്കാനാകുന്നില്ലെന്നും വാര്‍ത്തകള്‍ വന്നിരുന്നു. മാര്‍ച്ച് 27 ന് റിലീസ് പ്രഖ്യാപിച്ച എമ്പുരാന്റെ ഫാന്‍സ് ഷോകള്‍ അടക്കം ഇതിനോടകം വിറ്റുപോയിരുന്നു. റിലീസിന് ഒരു മാസം മുന്‍പേ മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള ലോഞ്ചിങ് ചടങ്ങുകള്‍ക്ക് പിന്നാലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടുള്ള ക്യാരക്റ്റര്‍ പോസ്റ്ററുകളും പുറത്തുവന്നിരുന്നു.
എന്നാല്‍ പിന്നീട് ചിത്രത്തിനെ കുറിച്ചുള്ള ഒരു അപ്ഡേറ്റും വന്നില്ല. ചിത്രത്തിന്റെ ട്രെയിലറിനും പുതിയ പോസ്റ്ററുകള്‍ക്കുമായി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ മുറവിളി കൂട്ടിയിരുന്നു. ഇതിനിടെ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചേക്കുമെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്തായാലും അഭ്യൂഹങ്ങള്‍ക്ക് വിരാമമായിരിക്കുകയാണ്.
Content Highlights: Gokulam Gopalan about Empuraan movie