പറഞ്ഞ ദിവസം തന്നെ എമ്പുരാന്‍ എത്തും, നിര്‍ണായക ഇടപെടലുമായി ഗോകുലം മൂവീസ്

എമ്പുരാൻ സിനിമയുടെ റിലീസിൽ മാറ്റമില്ല, ലൈക്കയിൽ നിന്ന് ചിത്രം ഗോകുലം മൂവിസ് ഏറ്റെടുത്തു

dot image

മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ റിലീസ് അനിശ്ചിത്വം അവസാനിക്കുന്നു. ചിത്രത്തിന്റെ നിർമാണ പങ്കാളിയായ ലൈക്കയിൽ നിന്ന് റൈറ്റ്‌സുകൾ പ്രമുഖ നിർമാണ കമ്പനിയായ ഗോകുലം മൂവിസ് ഏറ്റെടുത്തു. ലൈക്കയുമായുള്ള പ്രശ്നങ്ങൾക്ക് പിന്നാലെ എമ്പുരാന്റെ റീലീസ് പ്രതിസന്ധിയിലായിരുന്നു. ഈ അവസരത്തിലാണ് ഗോകുലം ഗോപാലന്‍റെ ഇടപെടൽ. പ്രശ്നങ്ങൾക്ക് പരിഹാരമായതോടെ എമ്പുരാൻ നിശ്ചയിച്ച ദിവസം തന്നെ തിയേറ്ററുകളിൽ എത്തും.

ലൈക്കയിൽ നിന്ന് റൈറ്റ്‌സുകൾ വാങ്ങിയതോടെ ഗോകുലവും എമ്പുരാന്റെ നിര്‍മാണ

പങ്കാളിയാവും. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസും സുഭാസ്‌ക്കരന്റെ ലൈക്കയും ചേർന്നായിരുന്നു ചിത്രം നിർമിച്ചത്. ലൈക്ക പ്രൊഡക്ഷൻസിന്റേതായി മുൻപ് പുറത്തിറങ്ങിയ ഇന്ത്യൻ 2 ഉൾപ്പടെയുള്ള സിനിമകൾ ബോക്‌സ് ഓഫീസിൽ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ഈ സിനിമയുടെ നഷ്ടം നികത്താതെ ലൈക്കയുടെ സിനിമകൾ റിലീസ് ചെയ്യാൻ തിയേറ്ററുകൾ തയ്യാറാകുന്നില്ലെന്നതായിരുന്നു നേരത്തെ പുറത്തുവന്ന വാർത്ത.

സിനിമയുടെ ഒടിടി, ഓവർസീസ്, മറ്റു ഭാഷകളിലെ ഡിസ്ട്രിബൂഷൻ തുകകളോട് ലൈക്കയ്ക്ക് യോജിക്കാനാകുന്നില്ലെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. മാർച്ച് 27 ന് റിലീസ് പ്രഖ്യാപിച്ച എമ്പുരാന്റെ ഫാൻസ് ഷോകൾ അടക്കം ഇതിനോടകം വിറ്റുപോയിരുന്നു. റിലീസിന് ഒരു മാസം മുൻപേ മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള ലോഞ്ചിങ് ചടങ്ങുകൾക്ക് പിന്നാലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടുള്ള ക്യാരക്റ്റർ പോസ്റ്റർ പുറത്തുവന്നിരുന്നു. എന്നാൽ പിന്നീട് ചിത്രത്തിനെ കുറിച്ചുള്ള ഒരു അപ്‌ഡേറ്റും പുറത്തുവന്നിരുന്നില്ല. ചിത്രത്തിന്റെ ട്രെയ്‌ലറുകൾക്കും പുതിയ പോസ്റ്ററുകൾക്കുമായി ആരാധകർ സോഷ്യൽ മീഡിയയിൽ മുറവിളി കൂട്ടിയിരുന്നു. ഇതിനിടെ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചേക്കുമെന്നും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്തായാലും അഭ്യൂഹങ്ങൾക്ക് വിരാമമായിരിക്കുകയാണ്.

മാർച്ച് 27 ന് തന്നെ ചിത്രം തിയേറ്ററുകളിൽ എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ദീപക് ദേവ് ആണ് ചിത്രത്തിന്റെ സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.

Content Highlights:  Gokulam Movies acquires rights of Empuraan from Lyca

dot image
To advertise here,contact us
dot image