
സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ ആദ്യമായി നായകനായി എത്തുന്ന സിനിമയാണ് നാദാനിയാന്‍. ശ്രീദേവിയുടെയും ബോണി കപൂറിന്റെയും ഇളയമകള്‍ ഖുഷി കപൂറാണ് ഇബ്രാഹിമിന്റെ നായികയായി എത്തുന്നത്. മോശം അഭിപ്രായമാണ് ചിത്രത്തിന് പ്രേക്ഷരിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ വിമര്‍ശിച്ചതിന് പാകിസ്ഥാന്‍ റിവ്യൂവറെ ഭീഷണിപ്പെടുത്തിയിരിക്കുകയാണ് ഇബ്രാഹിം അലി ഖാന്‍. റിവ്യൂവറെ നേരിൽ കണ്ടാൽ മുഖം വികൃതമാക്കും എന്നാണ് ഇബ്രാഹിം പറഞ്ഞിരിക്കുന്നത്. പാകിസ്ഥാന്‍ ചലച്ചിത്ര നിരൂപകനായ തമൂര്‍ ഇക്ബാല്‍ ആണ് ഇരുവരുടെയും ഇന്‍സ്റ്റഗ്രാം ചാറ്റിന്റെ സ്ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
'തമൂര്‍, നിങ്ങളുടെ പേര് കേള്‍ക്കാന്‍ തൈമൂറിനെ പോലെ തന്നെയുണ്ട്. എന്‍റെ സഹോദരന്‍റെ പേരാണ് അത്. എന്നാല്‍ താങ്കള്‍ക്ക് ഇല്ലാത്തത് എന്താണെന്നോ? അവന്‍റെ മുഖം. നീയൊരു വൃത്തികെട്ട മാലിന്യമാണ്. നിനക്ക് വാക്കുകൾ രഹസ്യമായി സൂക്ഷിക്കാൻ പറ്റാത്തതുകൊണ്ട്, വിഷമിക്കേണ്ട, അവയും നിന്നെപ്പോലെ പ്രസക്തമല്ല. നിന്നേയും നിന്‍റെ കുടുംബവും ഓർത്ത് എനിക്ക് വിഷമമുണ്ട്- എന്നെങ്കിലും ഒരു ദിവസം നിന്നെ വഴിയില്‍ കണ്ടാൽ, നിന്‍റെ മുഖം ഇപ്പോഴുള്ളതിനെക്കാള്‍ വികൃതമാക്കിയിട്ടേ ഞാന്‍ വിടൂ,' എന്നാണ് ഇബ്രാഹിം കുറിച്ചിരിക്കുന്നത്. താങ്കളുടെ അച്ഛന്‍റെ വലിയ ആരാധകനാണ് താനെന്നും അദ്ദേഹത്തെ നിരാശപ്പെടുത്തരുതെന്നുമാണ് തമൂര്‍ ഇബ്രാഹിമിന് നല്‍കിയ മറുപടി.
മാർച്ച് 7 നാണ് ഇബ്രാഹിം അലി ഖാന്‍ നായകനായ 'നാദാനിയാൻ' നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. ഖുഷി കപൂറിന്റെ പ്രകടനത്തിനും ഒരുപോലെ വിമർശനം ലഭിക്കുന്നുണ്ട്. ഇബ്രഹാമിനും ഖുഷിക്കുമിടയിൽ യാതൊരു കെമിസ്ട്രിയും ഇല്ലെന്നും ഇരുവരും പരസ്പരം ആരാണ് മോശം അഭിനേതാവ് എന്ന് തെളിയിക്കാനുള്ള മത്സരത്തിലുമാണെന്നാണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ എഴുതിയിരുന്നത്.
കരണ്‍ ജോഹറിന്റെ പ്രൊഡക്ഷന്‍ ഹൗസായ ധര്‍മാറ്റിക് എന്റര്‍ടെയിന്‍മെന്റ് നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തത് ഷോന ഗൗതമാണ്. ഷോനയുടെ ആദ്യ സിനിമയായ 'നാദാനിയാന്‍' ഡല്‍ഹിയുടെ പശ്ചാത്തലത്തില്‍ ഒരു പ്രണയകഥയാണ് പറയുന്നത്. സൗത്ത് ഡല്‍ഹിയില്‍ നിന്നുള്ള പ്രിയ എന്ന പെണ്‍കുട്ടിയുടെയും നോയിഡയില്‍ നിന്നുള്ള അര്‍ജുന്‍ എന്ന മിഡില്‍ക്ലാസ് പയ്യന്റെയും ആദ്യ പ്രണയത്തിന്റെ കഥയാണ് ചിത്രത്തിലുള്ളത്.
Content Highlights: Ibrahim Ali Khan threatens reviewer who criticized him