
മമ്മൂട്ടി നായകനാകുന്ന ബസൂക്ക എന്ന സിനിമയുടെ ഓരോ അപ്ഡേറ്റിനും ആരാധകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഈ വർഷം ഏപ്രിൽ 10 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കട്ട കലിപ്പിൽ നിൽക്കുന്ന മമ്മൂട്ടിയുടെ ലുക്കിന് മികച്ച സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മമ്മൂട്ടിയുടേയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ചില അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു. അതിനിടയിലാണ് ബസൂക്കയിലെ മമ്മൂട്ടിയുടെ ഈ കലക്കൻ പോസ്റ്റർ അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. ആരാധകർക്ക് ആശ്വാസമായെത്തിയ പോസ്റ്ററിന്റെ കമ്മന്റ് ബോക്സ് നിറയെ മമ്മൂട്ടിയോടുള്ള സ്നേഹത്തിന്റെ പെരുമഴയാണ്.
'കുറച്ചു ദിവസങ്ങളായി മനസിന് വല്ലാത്ത ഒരു മരവിപ്പ് ആയിരുന്നു, ഈ പോസ്റ്റ് കണ്ടപ്പോൾ ആശ്വാസം തോന്നുന്നു.. ഒപ്പം സന്തോഷവും' എന്നാണ് ഒരു ആരാധകൻ കുറിച്ചിരിക്കുന്നത്. കണ്ണില്ലെങ്കിലേ കണ്ണിന്റെ വില അറിയുള്ളു എന്ന് പറയും പോലെ കുറച്ചു മണിക്കൂറുകൾ മലയാള സിനിമ പ്രേക്ഷകർ അക്ഷരാർത്ഥത്തിൽ ഞെട്ടിയെന്നും പറയുന്നവരുണ്ട്. ഇങ്ങനെ ആരാധകരുടെ സ്നേഹം നിറഞ്ഞ വാക്കുകളാണ് സമ്പന്നമാണ് കമ്മന്റ് ബോക്സ്.
അതേസമയം, മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ് എന്നതും ബസൂക്കയുടെ പ്രത്യേകതയാണ്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.
Content Highlights: Bazooka movie mammootty new poster out now