ന്യൂയോർക്കിൽ ഒന്നല്ല,രണ്ടല്ല, 300 മോഹൻലാൽ; ഖുറേഷിയെക്കാൾ ഒരു പടി മുന്നിൽ സ്റ്റീഫൻ നെടുമ്പള്ളി തന്നെ

വന്‍ വരവേല്‍പ്പാണ് അമേരിക്കയിലും എമ്പുരാന് ലഭിക്കുന്നത്

dot image

സിനിമാപ്രേമികൾക്കിടയിൽ എമ്പുരാനായുള്ള ആവേശം ഓരോ ദിവസവും വർധിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ അലയൊലികൾ അങ്ങ് അമേരിക്കയിലും ഉണ്ട്. ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിൽ വെച്ച് നടന്ന എമ്പുരാൻ സ്‌പെഷ്യൽ ഇവന്റിൽ മോഹൻലാൽ ആരാധകർ ഒത്തുകൂടിയ കാഴ്ച ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

എമ്പുരാൻ ടീസർ ടൈം സ്‌ക്വയറിൽ പ്രദർശിപ്പിച്ചപ്പോൾ ആവേശപൂർവമായിരുന്നു അമേരിക്കൻ മലയാളികൾ വരവേറ്റത്. വിദേശികളും ഇവരുടെ ആഘോഷത്തിൽ പങ്കുചേരുന്നത് വീഡിയോകളിൽ കാണാം.

അമേരിക്കയിലെ ഒരു കൂട്ടം മോഹൻലാൽ ആരാധകർ സ്റ്റീഫൻ നെടുമ്പള്ളിയുടെ ഗെറ്റപ്പിലെത്തി രംഗം ഒന്നു കൂടി കൊഴുപ്പിച്ചു. മുന്നൂറോളം പേരാണ് വെള്ള മുണ്ടും ഷർട്ടും ധരിച്ച് എത്തിയതെന്നാണ് വിവിധ ട്വിറ്റർഹാൻഡിലുകൾ റിപ്പോർട്ട് ചെയ്യുന്നത്.

അബ്രാം ഖുറേഷിയാണ് എമ്പുരാനിൽ പ്രധാനമായും വരാൻ പോകുന്നതെന്നാണ് സൂചനകളെങ്കിലും സ്റ്റീഫൻ നെടുമ്പള്ളിയെ കാണാൻ കൂടിയാണ് ആരാധകർ കാത്തിരിക്കുന്നത് എന്ന് ഈ ആഘോഷങ്ങളിൽ നിന്ന് വ്യക്തമാണ്. മാർച്ച് 20ന് റീറിലീസായി എത്തുന്ന ലൂസിഫറിന്റെ ട്രെയിലറിന് വൻ വരവേൽപ്പാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.

അതേസമയം റിലീസിങ് സംബന്ധിച്ച ആശങ്കകൾ ദുരീകരിച്ചുകൊണ്ട് എമ്പുരാൻ മാർച്ച് 27ന് തന്നെ തിയേറ്ററുകളിലെത്തുകയാണ്. ഗോകുലം മൂവിസ് കൂടി നിർമാണ പങ്കാളിത്തം ഏറ്റെടുത്തുകൊണ്ടാണ് പ്രശ്‌നങ്ങൾ പരിഹരിച്ചത്.

ഓവർസീസിൽ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ ആശിർവാദും മറ്റ് സംസ്ഥാനങ്ങളിൽ പ്രമുഖ വിതരണക്കമ്പനികളുമാണ് എമ്പുരാന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.

Content Highlights: 300 Mohanlal fans comes as Stephen Nedumpally for Empuraan event at New York Times Square

dot image
To advertise here,contact us
dot image