
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസിന് തയ്യാറെടുക്കുകയാണ് എമ്പുരാൻ. റിലീസ് അനിശ്ചിതത്വങ്ങൾക്ക് വിരാമം കുറിച്ച് മാർച്ച് 27ന് തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന ഔദ്യോഗിക അറിയിപ്പ് വന്നതോടെ സിനിമയുടെ ഹൈപ്പും പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്. ഇപ്പോഴിതാ എമ്പുരാന്റെ റിലീസിന് മുന്നോടിയായി ലൂസിഫർ തിയേറ്ററുകളിൽ എത്തുകയാണ്. ലൂസിഫർ മാർച്ച് 20 ന് ലോകമെമ്പാടും റീ റിലീസ് ചെയ്യും. ചിത്രത്തിന്റെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്.
ചിത്രത്തിന്റെ റീ റിലീസ് ട്രെയ്‌ലർ നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ആശീർവാദാണ് നിർമാതാക്കൾ. എമ്പുരാനിൽ ആശീർവാദിനൊപ്പം ലൈക്ക പ്രൊഡക്ഷൻസും ഗോകുലം മൂവിസും നിർമാണ പങ്കാളികൾ ആണ്.
ലൂസിഫറിന്റെ ഈ റീ റിലീസ് എമ്പുരാന്റെ നിലവിലെ ഹൈപ്പ് കൂട്ടാനും സഹായകരമാകും എന്നാണ് കണക്കുകൂട്ടൽ. നേരത്തെ എമ്പുരാന്റെ റിലീസിനോട് അനുബന്ധിച്ച് ലൂസിഫർ റീ റിലീസ് ചെയ്യാൻ ആഗ്രഹമുണ്ടെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു. ലൂസിഫര്‍ റീറിലീസ് ട്രെയിലര്‍ കൂടി പുറത്തിറങ്ങിയതോടെ ലൂസിഫര്‍ കണ്ട്, ആ ചൂടോടെ തന്നെ എമ്പുരാനും കാണാം എന്ന് പ്ലാന്‍ ഇടുന്നവര്‍ ഏറെയാണ്.
അതേസമയം, മാർച്ച് 27 ന് രാവിലെ 6 മണി മുതൽ എമ്പുരാന്റെ പ്രദർശനം ആരംഭിക്കും. ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്. ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസും സുഭാസ്‌ക്കരന്റെ ലൈക്കയും ചേര്‍ന്നായിരുന്നു എമ്പുരാന്‍ നിര്‍മിച്ചത്. ഇപ്പോൾ സിനിമയുടെ നിർമാണ പങ്കാളികളായി ഗോകുലം മൂവീസും ഉൾപ്പെട്ടിട്ടുണ്ട്. റിലീസിന് ഒരു മാസം മുന്‍പേ മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള ലോഞ്ചിങ് ചടങ്ങുകള്‍ക്ക് പിന്നാലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടുള്ള ക്യാരക്റ്റര്‍ പോസ്റ്ററുകളും പുറത്തുവന്നിരുന്നു. ഇപ്പോള്‍ ഗോകുലം മൂവീസ് കൂടി നിര്‍മാണത്തില്‍ പങ്കാളിയായതോടെ അനിശ്ചിതത്വങ്ങളെല്ലാം അവസാനിച്ചിരിക്കുകയാണ്.
Content Highlights: Online bookings for the re-release of the movie Lucifer have begun