
'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ ' ആലപ്പുഴ ജിംഖാന'യ്ക്ക് മേൽ സിനിമാപ്രേമികൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്. നസ്‌ലെൻ, ഗണപതി, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ പോസ്റ്ററുകൾക്കും മറ്റു അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നതും. ഇപ്പോഴിതാ സിനിമയിലെ ആദ്യ ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
എവരിഡേ.. എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സഞ്ജിത് ഹെഡ്ജ്, വിഷ്ണു വിജയ്, നിളരാജ്, ചിന്മയി, വാസുദേവ് എന്നിവരാണ്. സുഹൈൽ കോയയുടെ വരികൾക്ക് വിഷ്ണു വിജയാണ് സംഗീതം നിർവ്വഹിക്കുന്നത്. ഗപ്പി, അമ്പിളി, തല്ലുമാല, ഫാലിമി, പ്രേമലു തുടങ്ങിയ ചിത്രങ്ങളിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയതും വിഷ്ണു വിജയാണ്. മുഹ്സിൻ പരാരിയാണ് ചിത്രത്തിലെ ഗാനങ്ങൾക്കായി വരികൾ എഴുതുന്നത്.
പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമാണ സംരംഭമാണിത്. സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ.
ചിത്രം ഒരു അടിപ്പടം അല്ലെന്നും കോമഡി ചിത്രമാണെന്നും നടൻ ലുക്മാൻ നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിൽ താൻ ഒരു കോച്ചിന്റെ വേഷത്തിലാണ് എത്തുന്നതെന്നും നടൻ വ്യക്തമാക്കി. ഖാലിദ് റഹ്മാൻ തന്നെയാണ് സിനിമയ്ക്കായി തിരക്കഥ എഴുതുന്നത്. രതീഷ് രവിയാണ് സംഭാഷണം. ഛായാഗ്രഹണം ജിംഷി ഖാലിദ്.
Content Highlights: The first song of Alappuzha Gymkhana has been released