
രജനികാന്ത് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന 'കൂലി'. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റ്സുകളും ആവേശത്തോടെയാണ് രജനി ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ മാസങ്ങൾ നീണ്ടു നിന്ന സിനിമയുടെ ചിത്രീകരണം അവസാനിച്ചിരിക്കുകയാണ്. സിനിമയിലെ രംഗങ്ങൾ ചിത്രീകരിക്കുന്ന വീഡിയോ പങ്കുവെച്ച് അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.
നേരത്തെ രജനികാന്തിന്റെ പിറന്നാൾ ദിനത്തിൽ കൂലിയുടെ ഒരു ചെറിയ ഗ്ലിംപ്സ് പുറത്തിറക്കിയിരുന്നു. വലിയ സ്വീകരണമാണ് അതിന് ലഭിച്ചത്. ലോകേഷിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് സിനിമയുടെ ടീസർ പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ടീസർ പുറത്തുവരുന്നതോടെ കൂടി സിനിമയുടെ ഹൈപ്പ് വലിയ തോതിൽ കൂടുമെന്നാണ് പ്രതീക്ഷ.
It's a super wrap for #Coolie 🔥@rajinikanth @Dir_Lokesh @anirudhofficial @iamnagarjuna @nimmaupendra #SathyaRaj #SoubinShahir @shrutihaasan @hegdepooja @anbariv @girishganges @philoedit @Dir_Chandhru @PraveenRaja_Off pic.twitter.com/ulcecQKII1
— Sun Pictures (@sunpictures) March 17, 2025
അതേസമയം, സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ , റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. നേരത്തെ മെയ് മാസത്തിലാകും കൂലി റിലീസ് ചെയ്യുക എന്ന വാർത്തകൾ വന്നിരുന്നുവെങ്കിലും സിനിമയുടെ റിലീസ് വൈകിയേക്കും എന്നാണ് പുതിയ വിവരം. ഓഗസ്റ്റ് 10 ന് സിനിമ റിലീസ് ചെയ്യുന്നതിനാണ് അണിയറപ്രവർത്തകരുടെ പദ്ധതി എന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രജനികാന്തിന്റെ ജയിലർ എന്ന ചിത്രം റിലീസ് ചെയ്തത് ഓഗസ്റ്റ് 10-ാം തീയതിയിലായിരുന്നു. ഇത് കണക്കിലെടുത്താണ് അണിയറപ്രവർത്തകരുടെ പുതിയ തീരുമാനം എന്നാണ് സൂചന. ചിത്രം എൽസിയുവിന്റെ ഭാഗമല്ലെന്ന് നേരത്തെ ലോകേഷ് കനകരാജ് പറഞ്ഞിരുന്നു. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
Content Highlights: The shooting of the movie "Coolie" has ended.