മഹേഷ് ബാബുവിന്റെ ഫാൻസിന് എമ്പുരാനോട് പ്രത്യേക സ്നേഹം; ചിത്രത്തിന് ഹൈദരാബാദിൽ സ്പെഷ്യൽ ഷോ

കേരളത്തിന് പുറത്തും സിനിമയ്ക്ക് റെക്കോർഡ് കളക്ഷൻ സ്വന്തമാക്കാൻ പറ്റുമെന്ന റിപ്പോർട്ടുകളും എത്തുന്നുണ്ട്

dot image

സിനിമാപ്രേമികൾക്കിടയിൽ എമ്പുരാനായുള്ള ആവേശം ഓരോ ദിവസവും വർധിച്ചുകൊണ്ടിരിക്കുകയാണ്. റിലീസ് അനിശ്ചിതത്വങ്ങൾക്ക് വിരാമം കുറിച്ച് മാർച്ച് 27ന് തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന ഔദ്യോഗിക അറിയിപ്പ് വന്നതോടെ സിനിമയുടെ ഹൈപ്പും പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്. കേരളത്തിന് പുറത്തും സിനിമയ്ക്ക് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ഹൈദരാബാദിൽ സിനിമയുടെ സ്പെഷ്യൽ ഷോ ഒരുക്കാനൊരുങ്ങുകയാണ് നടൻ മഹേഷ് ബാബുവിന്റെ ഫാൻസ്‌. ഹൈദരാബാദിലെ ഗച്ചിബൗളിയിലെ എഎംബി തിയേറ്ററിലാണ് ആരാധകർക്കായി പ്രത്യേക ഷോ സംഘടിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്.

കേരളത്തിന് പുറത്തും സിനിമയ്ക്ക് റെക്കോർഡ് കളക്ഷൻ സ്വന്തമാക്കാൻ പറ്റുമെന്ന റിപ്പോർട്ടുകളും എത്തുന്നുണ്ട്. മാർച്ച് 27 ന് രാവിലെ രാവിലെ 6 മണി മുതൽ സിനിമയുടെ പ്രദർശനം ആരംഭിക്കും. ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷൻസ്, ആശിർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്.

മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ഓവർസീസിൽ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ ആശിർവാദും മറ്റ് സംസ്ഥാനങ്ങളിൽ പ്രമുഖ വിതരണക്കമ്പനികളുമാണ് എമ്പുരാന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. അതേസമയം, രാജമൗലി - മഹേഷ് ബാബു ചിത്രത്തിലാണ് ഇപ്പോൾ പൃഥ്വിരാജ് അഭിനയിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഈ മാസം അവസാനം വരെ നീളുന്ന ഷെഡ്യൂളില്‍ പൃഥ്വിരാജും പങ്കെടുക്കുമെന്നാണ് തെലുങ്ക് മാധ്യമങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. 2028-ലായിരിക്കും ചിത്രം റിലീസിനെത്തുക.

Content Highlights: Empuraan special show in Hyderabad reports

dot image
To advertise here,contact us
dot image