
മലയാള സിനിമക്ക് സുപരിചിതനായ സംവിധായകനും നടനുമാണ് ഖാലിദ് റഹ്‌മാൻ. മമ്മൂട്ടിയെ നായകനാക്കി 2019 ൽ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് ഉണ്ട. സിനിമയിൽ ഖാലിദും ഒരു വേഷം ചെയ്തിരുന്നു. ഈ സിനിമയുടെ ചിത്രീകരണ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ.
ചിത്രത്തിലെ പേഴ്സ് മോഷ്ടിക്കുന്ന രംഗം ആദ്യ ടേക്കിൽ ഓക്കെ ആയിരുന്നുവെങ്കിലും രണ്ട് ടേക്കുകള്‍ കൂടെ താന്‍ എടുത്തിരുന്നുവെന്ന് പറയുകയാണ് ഖാലിദ്. മമ്മൂട്ടി എന്ന ആള്‍ അല്ലേ കയ്യിലിരിക്കുന്നത്, എന്തിനാടാ പെട്ടെന്ന് ഓക്കെ പറയുന്നത് എന്ന് തനിക്ക് തന്നെ തോന്നിയത് കൊണ്ടാണ് ടേക്കുകൾ എടുത്തതെന്നും ഖാലിദ് പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘ഉണ്ടയിലെ പേഴ്‌സ് മോഷ്ടിക്കുന്ന സീനിന് മൂന്ന് ടേക്കുകള്‍ എന്റെ കയ്യിലുണ്ടായിരുന്നു. ആ മൂന്ന് ടേക്കുകളില്‍ ആദ്യത്തേത് തന്നെ ഓക്കെ ആയിരുന്നു. ആ സീന് ആദ്യത്തെ ടേക്ക് എടുത്തു കഴിഞ്ഞപ്പോള്‍ ആര്‍ക്കും ഒന്നും പറയാന്‍ ഇല്ലായിരുന്നു. ഇറ്റ്‌സ് ലൈക്ക് എ പെര്‍ഫക്റ്റ് ഷോട്ട്. എല്ലാവരുടെയും റിയാക്ഷന്‍ അങ്ങനെയായിരുന്നു.
അപ്പോള്‍ എനിക്ക് തോന്നി മമ്മൂട്ടി എന്ന ആള്‍ അല്ലേ കൈയ്യിലിരിക്കുന്നത്, എന്തിനാടാ പെട്ടന്ന് ഓക്കെ പറയുന്നത് എന്ന്. പിന്നെ ഞാന്‍ മമ്മൂക്കയോട് പറഞ്ഞു, ഇത് ഓക്കെ ആണ് മമ്മൂക്ക, എന്നാലും ഒരു ടേക്ക് കൂടെ പോകാം. അപ്പോള്‍ മമ്മൂക്ക എന്തിനാണെന്ന് ചോദിച്ചിരുന്നു. എനിക്ക് കറക്ഷന്‍സ് പറയാനായിട്ടൊന്നും ഇല്ല. പക്ഷേ ആ ഷോട്ടുകള്‍ എഡിറ്റിങ് ടേബിളില്‍ വരുമ്പോള്‍, രണ്ടു മൂന്ന് ചോയിസുകള്‍ ഉള്ളത് നല്ലതാണെന്ന് തോന്നിയിരുന്നു. ഞാന്‍ ഉള്ള കാര്യം അദ്ദേഹത്തോട് പറഞ്ഞു. ഇക്ക ഓക്കെ പറഞ്ഞു. രണ്ടാമത്തെ ടേക്കില്‍ ആ സീനില്‍ മമ്മൂക്കയുടെ വേറൊരു ചിരി വന്നു. ആ ടേക്കും എനിക്ക് ഓക്കെ ആയിരുന്നു. ഇനി സമയം കളയണ്ട ഇക്ക, ഓക്കെയാണ് എന്ന് പറഞ്ഞപ്പോള്‍ മമ്മൂക്ക പറഞ്ഞു, അല്ല ഒരു ടേക്ക് കൂടെ പോകാമെന്ന്!,’ ഖാലിദ് റഹ്‌മാന്‍ ഓർമിച്ചു.
Content Highlights: Khalid Rahman shares his experience with Mammootty in the movie Unda