ആ തോക്ക് നിസാരമല്ല, സ്റ്റീഫന്റെ പ്രിയപ്പെട്ട റിവോൾവർ; എമ്പുരാൻ പോസ്റ്ററിലെ ബ്രില്യൻസ് ഇതാ

ഈ തോക്ക് ലൂസിഫർ എന്ന പോലെ എമ്പുരാനിലും ഒരു പ്രധാന പങ്ക് വഹിക്കും എന്ന് തന്നെ ആരാധകർ ഉറപ്പിക്കുന്നുണ്ട്

dot image

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസിന് തയ്യാറെടുക്കുകയാണ് എമ്പുരാൻ. സിനിമയുടെ ഓരോ അപ്ഡേറ്റും സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയമാണ്. കഴിഞ്ഞ ദിവസം സിനിമയുടെ ഒരു വമ്പൻ അപ്ഡേറ്റിന്റെ സൂചനയുമായി ഒരു പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇതും സോഷ്യൽ മീഡിയയിൽ പല ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.

ഒരു തോക്കും പിടിച്ചുകൊണ്ടുള്ള കൈകളാണ് ആ പോസ്റ്ററിലുള്ളത്. ആരുടേത് എന്ന് വ്യക്തമാകാത്ത ആ കൈകൾക്ക് പിന്നിൽ മോഹൻലാൽ തന്നെയാണെന്ന് പല ആരാധകരും പറയുന്നുണ്ട്. അത് മറ്റൊരു വമ്പൻ താരത്തിന്റേതാകാം എന്നും ചില അഭിപ്രായങ്ങളുണ്ട്. ഇതിനിടയിൽ ആ കൈകളിലെ തോക്കിനെക്കുറിച്ചുള്ള ഒരു ബ്രില്യൻസും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നുണ്ട്.

ആ തോക്ക് മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളിയുടെ പ്രിയപ്പെട്ട ഐവറി ഹാൻഡിൽഡ് റിവോൾവറാണെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ഇതിന് ആധാരമായി ആരാധകർ കാണിക്കുന്നത് ലൂസിഫർ സിനിമയുടെ തിരക്കഥയുടെ പുസ്തകരൂപമാണ്.

ലൂസിഫർ തിരക്കഥ

ലൂസിഫറിന്റെ അവസാന ഭാഗങ്ങളിൽ വിവേക് ഒബ്‌റോയ് അവതരിപ്പിക്കുന്ന ബോബി എന്ന കഥാപാത്രത്തെ കൊലപ്പെടുത്തുന്നത് ഈ തോക്ക് കൊണ്ടാണ്. ആ രംഗത്തെക്കുറിച്ച് ലൂസിഫറിന്റെ തിരക്കഥയിൽ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്, 'സ്റ്റീഫൻ സയീദിനെ നോക്കി. തടികൊണ്ടുള്ള ഗൺ കേസിൽ നിന്ന് സയീദ് സ്റ്റീഫന് തന്റെ പ്രിയപ്പെട്ട ഐവറി ഹാൻഡിൽഡ് റിവോൾവർ നൽകി'. ഈ തോക്ക് ലൂസിഫർ എന്ന പോലെ എമ്പുരാനിലും ഒരു പ്രധാന പങ്ക് വഹിക്കും എന്ന് തന്നെ ആരാധകർ ഉറപ്പിക്കുന്നുണ്ട്.

അതേസമയം, റിലീസിങ് സംബന്ധിച്ച ആശങ്കകൾ ദുരീകരിച്ചുകൊണ്ട് എമ്പുരാൻ മാർച്ച് 27ന് തന്നെ തിയേറ്ററുകളിലെത്തുകയാണ്. ഗോകുലം മൂവിസ് കൂടി നിർമാണ പങ്കാളിത്തം ഏറ്റെടുത്തുകൊണ്ടാണ് പ്രശ്‌നങ്ങൾ പരിഹരിച്ചത്. ഓവർസീസിൽ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ ആശിർവാദും മറ്റ് സംസ്ഥാനങ്ങളിൽ പ്രമുഖ വിതരണക്കമ്പനികളുമാണ് എമ്പുരാന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.

Content Highlights: Social Media finds new brilliance related to Empuraan new poster

dot image
To advertise here,contact us
dot image