
മലയാള സിനിമാപ്രേമികൾ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ എമ്പുരാൻ. റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ സിനിമയുടെ
ട്രെയ്‌ലർ പുറത്തുവരാത്തതിൽ കടുത്ത നിരാശയിലായിരുന്നു ആരാധകർ. ഇപ്പോഴിതാ എമ്പുരാന്റെ ട്രെയ്‌ലർ എന്നെത്തുമെന്ന് അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. നാളെ ഉച്ചയ്ക്ക് 1 : 8 നാണ് സിനിമയുടെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തു വിടുന്നത്.
സാധരണ സിനിമകളുടെ ട്രെയ്‌ലർ വൈകിട്ട് ആറു മണി, ഏഴു മണി സമയങ്ങളിലാണ് പുറത്തുവിടാറുള്ളത്. പക്ഷെ എമ്പുരാന്‍റെ ട്രെയ്‌ലർ പുറത്തെത്തുന്ന സമയത്തിൽ കൗതുകത്തിലാണ് ആരാധകർ. ഈ സമയത്തിന് പിന്നിലും എന്തെങ്കിലും കാരണം ഒളിഞ്ഞിരിപ്പുണ്ടാകുമെന്നാണ് കരുതുന്നത്. സിനിമയുടെ ട്രെയ്‌ലർ ആദ്യം പൃഥ്വിരാജ് കാണിച്ചിരുന്നത് രജിനികാന്തിനെ ആയിരുന്നു. രജിനിക്കൊപ്പമുള്ള പോസ്റ്റ് പങ്കിട്ട് പൃഥ്വി തന്നെ ആയിരുന്നു ഇക്കാര്യം അറിയിച്ചിരുന്നത്. സിനിമയുടെ റിലീസിന് ഇനി എട്ട് ദിവസമാണ് മാത്രമാണ് ബാക്കിയുള്ളത്.
അതേസമയം വിദേശ രാജ്യങ്ങളിലെ എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ഓവർസീസിൽ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവുമുണ്ട് പുറത്തുവരുന്ന വിവരമനുസരിച്ച് എമ്പുരാന്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്.
മാർച്ച് 27 നാണ് ആഗോളതലത്തിൽ സിനിമ റിലീസിന് ഒരുങ്ങുന്നത്. വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്.
Content Highlights: Prithviraj announces that the trailer of Empuraan will be released tomorrow