
സംഘട്ടന രംഗങ്ങളിലെ മോഹൻലാലിന്റെ മെയ്‌വഴക്കം എന്നും ആരാധകർ ആഘോഷിക്കുന്ന കാര്യമാണ്. പുലിമുരുകൻ, ലൂസിഫർ തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ സംഘട്ടന രംഗങ്ങൾക്ക് വലിയ ഫാൻ ബേസുമുണ്ട്. ഇപ്പോഴിതാ മോഹൻലാലിന്റെ സംഘട്ടന രംഗങ്ങളിലെ മികവിനെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
മോഹൻലാൽ ഇപ്പോൾ തന്റെ ശരീരത്തിൽ ഏറെ ശ്രദ്ധ ചെലത്തുന്ന വ്യക്തിയാണ്. എന്നാൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ശരീര ഭാരത്തെക്കുറിച്ച് അദ്ദേഹം അത്ര ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ ആ സമയവും അദ്ദേഹത്തിന് അസാധ്യ മെയ്‌വഴക്കമായിരുന്നു എന്ന് പൃഥ്വി പറയുന്നു. എമ്പുരാൻ എന്ന സിനിമയിലേക്ക് വന്നാൽ ഒരു രംഗത്തിൽ പോലും ഡ്യൂപ്പോ ഫേസ് റീപ്ലേസ്‌മെന്റോ ചെയ്തിട്ടില്ലെന്നാണ് പൃഥ്വി പറയുന്നത്. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
'ഇത് മലയാളികൾക്ക് അറിയാവുന്ന കാര്യമാണ്, മോഹന്‍ലാല്‍ ഒരു സ്റ്റേറ്റ് റെസിലിങ് ചാമ്പ്യനാണ്. അതുപോലെ കോളേജ് സമയത്ത് അദ്ദേഹം ജിംനാസ്റ്റിക്സിലൊക്കെ ട്രെയിൻ ചെയ്തിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം ശരീരം ഏറെ ശ്രദ്ധിക്കുകയും ഫിറ്റായിരിക്കും ചെയ്യുന്നുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഭയങ്കരമായി വെയിറ്റുണ്ടായിരുന്നു അദ്ദേഹത്തിന്. അപ്പോഴും അദ്ദേഹം ഫങ്ക്ഷനലി ഫിറ്റായിരുന്നു. ഞങ്ങൾ ഒരേ ജിമ്മിലാണ് വർക്ക് ഔട്ട് ചെയ്തിരുന്നത്. അതിനാൽ എനിക്ക് അത് അറിയാം. സമർസോൾട് വരെ ചെയ്യുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പ്രായവും അതുപോലെ അദ്ദേഹത്തെ കണ്ടാൽ ഒരു അത്ലെറ്റിക്കായ വ്യക്തിയെ പോലെയും തോന്നുകയില്ല. എന്നാൽ ഫങ്ക്ഷനലി അദ്ദേഹം വളരെ ഫിറ്റായ വ്യക്തിയാണ്,'
'അദ്ദേഹത്തിനൊപ്പം ആക്ഷൻ രംഗങ്ങൾ ഷൂട്ട് ചെയ്യുക എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. ഈ സിനിമയിൽ ഒരു ഷോട്ടിൽ പോലും ഡ്യൂപ്പ് ഇല്ല. ഒടിടിയിൽ വരുമ്പോൾ ഓരോ ഷോട്ടും പോസ് ചെയ്തുനോക്കാം. ഡ്യൂപ്പ്, ഫേസ് റീപ്ലേസ്‌മെന്റ് ഒന്നുമില്ല. എല്ലാ സ്റ്റണ്ട് സീനുകളും മോഹൻലാൽ സാർ തന്നെയാണ് ചെയ്തത്,' എന്ന് പൃഥ്വിരാജ് പറഞ്ഞു.
Content Highlights: Prithviraj says that all stunts in Empuraan movie is done by Mohanlal himself