
തിയേറ്ററുകളിൽ ആരാധകർക്ക് ഒരു വിരുന്നായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന സിനിമ. ഇൻട്രോ സീൻ മുതൽ അവസാന രംഗം വരെ ചിത്രം മോഹൻലാൽ ആരാധകർക്ക് ആഘോഷിക്കാനുള്ള വക നൽകി. അതിൽ തന്നെ ഏറ്റവും അധികം കയ്യടി ലഭിച്ച രംഗങ്ങളിൽ ഒന്നായിരുന്നു സ്റ്റീഫന്റെ സെക്കൻഡ് ഇൻട്രോ. തന്റെ വാഹനം പൊലീസുകാർ തടയുമ്പോൾ സ്റ്റീഫൻ നെടുമ്പള്ളി ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നുവരുന്ന രംഗം തിയേറ്ററുകളിൽ നിറകയ്യടിയോടെയാണ് സ്വീകരിക്കപ്പെട്ടത്.
ഇപ്പോഴിതാ ആ സീനിന് പ്രചോദനമായത് രജനികാന്തിനെക്കുറിച്ച് കേട്ട ഒരു കഥയാണെന്ന് പറയുകയാണ് പൃഥ്വി. പോയസ് ഗാര്‍ഡനില്‍ നടന്ന സംഭവമാണ് തനിക്ക് പ്രചോദനമായത്. അത് സത്യമാണോ എന്ന് അറിയില്ല. താൻ എവിടെയോ വായിച്ചിട്ടുള്ളതാണ് ആ സംഭവം എന്ന് പൃഥ്വിരാജ് ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനായി രജനികാന്തിന്റെ വാഹനം നിർത്തിയപ്പോൾ അദ്ദേഹം വാഹനത്തിൽ നിന്നിറങ്ങുകയും അടുത്തുള്ള കടയില്‍ നിന്ന് സിഗരറ്റ് വലിച്ച് നിന്നെന്നും രജനികാന്തിനെ കണ്ട് ജനങ്ങൾ തടിച്ചുകൂടിയെന്നുമാണ് കഥ.
അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. മോഹൻലാൽ നായകനാകുന്ന ചിത്രം മാർച്ച് 27 നാണ് ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.
Content Highlights: Prithviraj says that the second intro of Mohanlal in Lucifer was inspired by a story read about Rajinikanth