
സംവിധായകന്‍ ലോകേഷ് കനകരാജിന്റെ അടുത്ത പ്രോജക്ടുകളുടെ വണ്‍ലൈന്‍ അറിയാമെന്ന പൃഥ്വിരാജിന്റെ വാക്കുകള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ട്രോളുകളും ഉയർന്നു. ഇപ്പോൾ ആ സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് പൃഥ്വി.
ലോകേഷ് കനകരാജും താനും ഒരു റൗണ്ട് ടേബിൾ പരിപാടിയിൽ ഒന്നിച്ച് പങ്കെടുത്തിരുന്നു. പരിപാടിക്ക് ശേഷം തിരിച്ചുപോരാനിരിക്കെ, ഫ്ലൈറ്റിന്റെ സമയം കുറച്ച് താമസിച്ചായതിനാൽ തങ്ങൾ ഇരുവരും തന്റെ മുറിയിലിരുന്ന് പുതിയ സിനിമകളെക്കുറിച്ച് ചർച്ച ചെയ്തു. അപ്പോഴാണ് അടുത്ത സിനിമകളെക്കുറിച്ചുള്ള വൺ ലൈൻ അദ്ദേഹം പറഞ്ഞത്. ആ വൺലൈനിനെ കുറിച്ചാണ് താൻ പിന്നീട് പറഞ്ഞത് എന്ന് പൃഥ്വി പറയുന്നു. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
'എൽസിയുവിനെക്കുറിച്ച് മുഴുവനും എനിക്ക് അറിയില്ല. എന്താണ് സംഭവിച്ചതെന്നാൽ ഒരു റൗണ്ട് ടേബിളിൽ ഞാനും ലോകേഷും രാജമൗലി സാറുമൊക്കെ പങ്കെടുത്തിരുന്നു. റൗണ്ട് ടേബിളിന് ശേഷം കുറച്ച് വൈകിയായിരുന്നു എനിക്കും ലോകേഷിനുമുള്ള ഫ്ലൈറ്റ്. ലോകേഷും ഞാനും എന്റെ മുറിയിൽ ഇരുന്ന് സംസാരിക്കുകയായിരുന്നു. അടുത്ത സിനിമകളെക്കുറിച്ചായിരുന്നു ഞങ്ങളുടെ സംസാരം. അടുത്ത ഏതാനും സിനിമകളെക്കുറിച്ച് വ്യക്തമായ പ്ലാൻ അദ്ദേഹത്തിനുണ്ടായിരുന്നു. എനിക്ക് എല്ലാം ഒന്നും അറിയില്ല. അദ്ദേഹം ഒരു വൺലൈൻ പറഞ്ഞു. അത് മികച്ചതായിരുന്നു,' എന്ന് പൃഥ്വിരാജ് പറഞ്ഞു.
അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. മോഹൻലാൽ നായകനാകുന്ന ചിത്രം മാർച്ച് 27 നാണ് ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.
Content Highlights: Prithviraj Sukumaran clarifies his earlier statement about knowing the future lineup and plans of the LCU