ഇവിടെ എന്തും പോകും; ഒരു സൈഡിൽ ഹെലികോപ്റ്ററിൽ ഖുറേഷി, അപ്പുറത്ത് സ്‌പ്ലെൻഡറിൽ ഷൺമുഖം

എമ്പുരാനിൽ അതിശക്തനായ ഖുറേഷി അബ്റാമായി മോഹൻലാൽ എത്തുമ്പോൾ തുടരും എന്ന സിനിമയിൽ ടാക്സി ഡ്രൈവറായ ഷൺമുഖം എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്

dot image

സമീപകാലത്ത് ഏറ്റ തിരിച്ചടികൾക്ക് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ മറുപടി നൽകുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്ന രണ്ട് സിനിമകളാണ് റിലീസ് കാത്ത് നിൽക്കുന്നത്, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ, തരുൺ മൂർത്തിയുടെ തുടരും. ഇരു സിനിമകളുടെയും ഓരോ അപ്ഡേറ്റുകളും സമൂഹ മാധ്യമങ്ങളിൽ വലിയ ആഘോഷമാകാറുമുണ്ട്. ഇപ്പോഴിതാ പതിവ് തെറ്റിക്കാതെ തുടരും എന്ന സിനിമയുടെ പുതിയ അപ്ഡേറ്റും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

സിനിമയുടെ രണ്ടാം ഗാനത്തിന്റെ ലിറിക് വീഡിയോയുടെ റിലീസ് വിശേഷമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. 'കഥ തുടരും…' എന്ന് തുടങ്ങുന്ന ഗാനം മാർച്ച് 21ന് വൈകുന്നേരം ഏഴ് മണിക്കാണ് പുറത്തിറങ്ങുന്നത്. മോഹൻലാൽ സ്‌പ്ലെൻഡര്‍ ബൈക്കിൽ യാത്ര ചെയ്യുന്ന ഒരു പോസ്റ്ററിനൊപ്പമാണ് അണിയറപ്രവർത്തകർ സിനിമയുടെ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുന്നത്.

ഈ പോസ്റ്റർ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ എമ്പുരാൻ എന്ന സിനിമയുടെ പോസ്റ്ററുകളും മറ്റ് അപ്ഡേറ്റുകളും സിനിമയുടെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഹെലികോപ്റ്ററിലും വില കൂടിയ വിദേശ നിർമിത വാഹനങ്ങളിലും സ്റ്റൈലിഷ് ലുക്കിൽ വന്നിറങ്ങുന്ന മോഹൻലാലിനെയാണ് കാണാൻ കഴിയുന്നതെങ്കിൽ തുടരും എന്ന സിനിമയുടെ പോസ്റ്ററിൽ മുണ്ടും ഷർട്ടും ധരിച്ച് തനി നാടൻ ലുക്കിലാണ് നടൻ പ്രത്യക്ഷപ്പെടുന്നത്.

എമ്പുരാനിൽ അതിശക്തനായ ഖുറേഷി അബ്റാമായി മോഹൻലാൽ എത്തുമ്പോൾ തുടരും എന്ന സിനിമയിൽ നടൻ ടാക്സി ഡ്രൈവറായ ഷൺമുഖം എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇരു സിനിമകളിലും തീർത്തും വൈവിധ്യമാർന്ന കഥാപാത്രങ്ങളായി നടൻ എത്തുമ്പോൾ അത് ആരാധകർക്ക് ഇരട്ടി സന്തോഷത്തിനുള്ള വക നൽകുന്നുണ്ട്.

മാർച്ച് 27 നാണ് എമ്പുരാൻ റിലീസ് ചെയ്യുന്നത്. മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടും, ലൂസിഫർ എന്ന സിനിമയുടെ വമ്പൻ വിജയവും ഉൾപ്പടെ എമ്പുരാന് ഹൈപ്പ് കൂട്ടുന്ന കാര്യങ്ങൾ നിരവധിയാണ്. തുടരും എന്ന സിനിമയുടെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ സിനിമ മെയ് മാസത്തിൽ എത്തുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Content Highlights: Thudarum new update viral in social media

dot image
To advertise here,contact us
dot image