
സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ എമ്പുരാൻ തരംഗമാണ്. സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങിയതിന് പിന്നാലെ അതിലെ കഥാപാത്രങ്ങളെക്കുറിച്ചുള്ള സംശയങ്ങളും ചോദ്യങ്ങളും ഫാൻ തിയറികളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. അതിൽ തന്നെ ഏറ്റവും അധികം ആളുകൾ ഉന്നയിച്ച ചോദ്യങ്ങളിൽ ഒന്നാണ് ട്രെയ്‌ലറിന്റെ രണ്ട് മിനിറ്റ് ഇരുപത്തിയെട്ടാം സെക്കൻഡിൽ കാണിക്കുന്ന കഥാപാത്രത്തെക്കുറിച്ച്. ഒരു ചുവന്ന തുണി കൊണ്ട് മുഖം മറച്ച നിലയിലുള്ള കഥാപാത്രം ആരാണെന്ന് പലരും ചോദിച്ചിരുന്നു.
ഈ ചോദ്യത്തിനും സോഷ്യൽ മീഡിയ ഉഥാരം കണ്ടെത്തി കഴിഞ്ഞു. നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആഷിഷ് ജോ ആന്റണിയാണത് എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ആദ്യഭാഗമായ ലൂസിഫറിൽ ഒരു രംഗത്തിൽ ആന്റണി പെരുമ്പാവൂർ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോൾ എമ്പുരാനിൽ മകനും വന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. നേര് എന്ന മോഹൻലാൽ സിനിമയുടെ സഹനിർമാതാവായിരുന്നു ആഷിഷ്.
അതേസമയം എമ്പുരാൻ മാര്‍ച്ച് 27-ന് ചിത്രം ആഗോള റിലീസായെത്തും. വിദേശ രാജ്യങ്ങളിലെ എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. മാര്‍ച്ച് 21 രാവിലെ 9 മണി മുതലാണ് ഇന്ത്യയിലെ ബുക്കിങ് ആരംഭിക്കുന്നത്. ഓവർസീസിൽ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവുമുണ്ട് പുറത്തുവരുന്ന വിവരമനുസരിച്ച് എമ്പുരാന്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്.
വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.
Content Highlights: Antony Perumbavoor's son Ashish Joe Antony acted in Empuraan