
മലയാള സിനിമാപ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ എമ്പുരാൻ. ആരാധകർക്ക് സർപ്രൈസായി രാത്രി 12 മണിക്കാണ് ചിത്രത്തിന്‍റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. നിമിഷം നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിലും ഫാൻ പേജുകളിലും ട്രെയ്‌ലർ ട്രെൻഡിങ് ആയി തുടരുകയാണ്. ഇപ്പോഴിതാ ട്രെയ്‌ലറിനെ ചുറ്റിപറ്റി പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് സോഷ്യൽ മീഡിയ.
ക്യാരക്ടർ പോസ്റ്റർ ഇറങ്ങിയപ്പോൾ മുതൽ എമ്പുരാനിലെ വില്ലനെന്ന് കരുതിയെത്തിയ അഭിമന്യു സിംഗിന്‍റെ വേഷം പ്രേക്ഷകർക്ക് അത്ര തൃപ്തിയായിരുന്നില്ല. അഭിമന്യു സിംഗ് അവതരിപ്പിക്കുന്ന ബൽരാജ് തന്നെയാണോ എമ്പുരാനിലെ വില്ലൻ എന്ന ചോദ്യത്തിന് ഇന്നുവരെയും ഉത്തരമായിട്ടില്ല. നിരവധി പേരുകൾ വില്ലന്റെ സ്ഥാനത്തേക്ക് വന്നെങ്കിലും ഇപ്പോൾ എത്തി നിൽക്കുന്നത് ടൊവിനോ തോമസിന്റെ ജതിൻ രാംദാസിലാണ്.
'ദൈവ പുത്രൻ തന്നെ തെറ്റ് ചെയ്യുമ്പോൾ ചെകുത്താനെ അല്ലാതെ വേറെ ആരെയാ ആശ്രയിക്കുക' എന്ന് ട്രെയിലറിൽ മോഹൻലാൽ പറയുന്നുണ്ട്. നേരത്തെ ലൂസിഫറിൽ സ്റ്റീഫൻ ദൈവപുത്രൻ എന്ന് വിശേഷിപ്പിക്കുന്നത് ടൊവിനോ തോമസിനെയായിരുന്നു. ഇതാണ് ഇപ്പോൾ ടൊവിനോ ആണോ വില്ലൻ എന്ന ചർച്ചയിലേക്ക് എത്തിച്ചിരിക്കുന്നത്. 'മനുഷ്യ ജീവന് മുകളിൽ ഒരു രക്ത ബന്ധത്തിലും വിലയുണ്ടെന്ന് താൻ കരുതുന്നില്ലെന്ന്' പ്രിയദർശിനി കൂടെ പറയുന്നത് കേട്ടപ്പോൾ ഏറെക്കുറെ ടൊവിനോയും വില്ലനായേക്കാം എന്ന കണ്ടെത്തലിലാണ് ആരാധകർ. ഇനി പൃഥ്വിരാജ് ആകുമോ വില്ലന്‍ എന്ന് ചോദിക്കുന്നവരും ഉണ്ട്. എന്തായാലും എമ്പുരാൻ ഇതുവരെ മലയാളം കണ്ട വലിയ സിനിമ തന്നെ ആയിരിക്കുമെന്ന് ഉറപ്പാണ്. നിലവിൽ പൃഥ്വി സിനിമയിൽ ഒളിപ്പിച്ചിരിക്കുന്ന ബ്രില്യന്‍സ് കാണാനുള്ള ആകാംക്ഷ കൂട്ടിയിരിക്കുകയാണ് ട്രെയ്‌ലർ.
മാര്‍ച്ച് 27-ന് ചിത്രം ആഗോള റിലീസായെത്തും. വിദേശ രാജ്യങ്ങളിലെ എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. മാര്‍ച്ച് 21 രാവിലെ 9 മണി മുതലാണ് ഇന്ത്യയിലെ ബുക്കിങ് ആരംഭിക്കുന്നത്. ഓവർസീസിൽ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവുമുണ്ട് പുറത്തുവരുന്ന വിവരമനുസരിച്ച് എമ്പുരാന്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്.
വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.
Content Highlights: Discussions are active on whether Tovino Thomas is the villain in Empuraan