
മലയാള സിനിമാപ്രേമികൾ ഏതാനും ദിവസങ്ങളായി എമ്പുരാന്റെ ബുക്കിംഗ് ആരംഭിക്കുന്നതിനായി കാത്തിരിപ്പിലാണ്. സിനിമയുടെ ബുക്കിങ് മാര്‍ച്ച് 21 രാവിലെ 9 മണി മുതലാണ് സിനിമയുടെ ഇന്ത്യയിലെ ബുക്കിംഗ് ആരംഭിക്കുക എന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത്. എന്നാൽ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് കൊച്ചിയിലെ ഒരു തിയേറ്ററിൽ ഇന്ന് വൈകുന്നേരം മുതൽ എമ്പുരാന്റെ ബുക്കിംഗ് ആരംഭിച്ചു.
പ്രമുഖ ഓൺലൈൻ ബുക്കിംഗ് ആപ്ലിക്കേഷനായ ബുക്ക് മൈ ഷോയിൽ കൊച്ചിയിലെ ഷേണായിസ് തിയേറ്ററിലെ എമ്പുരാന്റെ ഷോകൾ ചാർട്ട് ചെയ്യുകയുണ്ടായി. ആദ്യ ദിവസത്തെ രണ്ടു ഷോകളാണ് ചാർട്ട് ചെയ്തത്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ ഈ ഷോകളുടെ ടിക്കറ്റ് ഒട്ടുമുക്കാലും വിറ്റുപോവുകയും ചെയ്തു. എന്നാൽ അബദ്ധം മനസ്സിലാക്കിയയുടൻ ഇത് ക്യാൻസൽ ചെയ്യുകയുമുണ്ടായി. ഈ സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. 'കൊച്ചി എന്താ ഇന്ത്യയിൽ അല്ലേ' എന്നാണ് ഒരു പ്രേക്ഷകൻ ഈ സംഭവത്തെ ട്രോളി ചോദിച്ചത്.
അതേസമയം എമ്പുരാന്റെ വിദേശ രാജ്യങ്ങളിലെ എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് ഏതാനും ദിവസങ്ങൾക്ക് മുന്നേ ആരംഭിച്ചു കഴിഞ്ഞു. ഓവർസീസിൽ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവുമുണ്ട് പുറത്തുവരുന്ന വിവരമനുസരിച്ച് എമ്പുരാന്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്.
വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.
Content Highlights: Empuraan booking in Kochi started accidentally