
മലയാള സിനിമയിൽ ഇന്ന് പ്രധാന ചർച്ചാ വിഷയം എമ്പുരാൻ എന്ന സിനിമയാണ്. ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം എത്തിയപ്പോൾ അതും സോഷ്യൽ മീഡിയയിൽ ആഘോഷമായി കഴിഞ്ഞു. മോഹൻലാലിന്റെ സ്ക്രീൻ പ്രെസൻസും ഗംഭീരമായ വിഷ്വലുകളുമെല്ലാം ആഘോഷിക്കപ്പെടുമ്പോൾ അതിലേറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ദീപക് ദേവിന്റെ സംഗീതം. 'ട്രെയ്‌ലറിന്റെ പൾസ്' എന്നാണ് ദീപക് ദേവിന്റെ സംഗീതത്തെ എല്ലാവരും വിളിച്ചത്. ഇപ്പോൾ സിനിമയുടെ സംഗീതത്തെക്കുറിച്ച് ഒരു ആരാധകന്റെ ചോദ്യവും അതിന് ദീപക് ദേവ് കൊടുത്ത മറുപടിയുമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
'എല്ലാം അണ്ണന്റെ കയ്യിൽ ആണ്. കത്തിക്കണം' എന്നാണ് ഒരു ആരാധകൻ ദീപക് ദേവിനോട് പറഞ്ഞത്. ഉടൻ 'കത്തും, കത്തിക്കും, കത്തിച്ചിരിക്കും' എന്നായിരുന്നു ദീപകിന്റെ പഞ്ച് മറുപടി. സിനിമയുടെ മേലുള്ള സംഗീത സംവിധായകന്റെ ഈ പ്രതീക്ഷ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
അതേസമയം എമ്പുരാൻ മാര്‍ച്ച് 27-ന് ആഗോള റിലീസായെത്തും. സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. വമ്പൻ പ്രതികരണമാണ് സിനിമയുടെ ബുക്കിംഗിന് ലഭിക്കുന്നത്. അഡ്വാൻസ് ബുക്കിംഗ് തുടങ്ങി നിമിഷ നേരം കൊണ്ടാണ് തിയേറ്ററുകൾ ഫുള്ളായത്. ഒരു സമയത്ത് ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോ നിലച്ചുപോയ അവസ്ഥ വരെ ഉണ്ടായിരുന്നു. ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ആളുകൾ കാണാൻ താല്പര്യം പ്രകടിപ്പിച്ച സിനിമയും എമ്പുരാൻ ആയിരുന്നു.
ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യമുണ്ട് എമ്പുരാന് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്. വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ് ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.
Content Highlights: Deepak Dev's reply to a fan on Empuraan's music is viral