
സമീപകാലത്ത് ഏറ്റ തിരിച്ചടികൾക്ക് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ മറുപടി നൽകുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്ന രണ്ട് സിനിമകളാണ് റിലീസ് കാത്ത് നിൽക്കുന്നത്, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ, തരുൺ മൂർത്തിയുടെ തുടരും. എമ്പുരാൻ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് റെക്കോർഡ് ഇട്ട് തുടങ്ങിയപ്പോൾ പുറകെ അടുത്ത വെടിക്കെട്ടിന് തിരികൊളുത്തിയിരിക്കുകയാണ് തുടരും. സിനിമയുടെ സെൻസറിങ് പൂർത്തിയായി. യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് സെൻസർ ബോർഡിൽ നിന്ന് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂർ 46 മിനിറ്റാണ് സിനിമയുടെ റൺ ടൈം.
എമ്പുരാനിൽ അതിശക്തനായ ഖുറേഷി അബ്റാമായി മോഹൻലാൽ എത്തുമ്പോൾ തുടരും എന്ന സിനിമയിൽ നടൻ ടാക്സി ഡ്രൈവറായ ഷൺമുഖം എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇരു സിനിമകളിലും തീർത്തും വൈവിധ്യമാർന്ന കഥാപാത്രങ്ങളായി നടൻ എത്തുമ്പോൾ അത് ആരാധകർക്ക് ഇരട്ടി സന്തോഷത്തിനുള്ള വക നൽകുന്നുണ്ട്.
മാർച്ച് 27 നാണ് എമ്പുരാൻ റിലീസ് ചെയ്യുന്നത്. മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടും, ലൂസിഫർ എന്ന സിനിമയുടെ വമ്പൻ വിജയവും ഉൾപ്പടെ എമ്പുരാന് ഹൈപ്പ് കൂട്ടുന്ന കാര്യങ്ങൾ നിരവധിയാണ്. തുടരും എന്ന സിനിമയുടെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ സിനിമ മെയ് മാസത്തിൽ എത്തുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സെൻസറിങ് പൂർത്തിയായ സ്ഥിതിക്ക് ഉടൻ തന്നെ സിനിമയുടെ റിലീസ് തീയതി പുറത്തെത്തുമെന്നാണ് പ്രതീക്ഷ.
Content Highlights: Thudarum movie censoring completed