സൂപ്പർസ്റ്റാർ ചിത്രങ്ങളിൽ തിരക്കഥയോട് 100 ശതമാനം സത്യസന്ധത പുലർത്താൻ കഴിയില്ല: മുരുഗദോസ്

'സൂപ്പർസ്റ്റാറുകളോടൊപ്പം പ്രവർത്തിക്കുമ്പോൾ പ്രേക്ഷകർക്കും ആരാധകവൃന്ദത്തിനും വേണ്ടി വിട്ടുവീഴ്ച ചെയ്യണം'

dot image

സൽമാൻ ഖാനെ നായകനാക്കി എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് 'സിക്കന്ദർ'. ബോളിവുഡിൽ ഏറെ ആരാധകരുള്ള സൂപ്പർതാരവും തെന്നിന്ത്യയുടെ ഹിറ്റ് മേക്കറും ഒന്നിക്കുന്ന സിനിമയുടെ മേൽ വലിയ ഹൈപ്പുമുണ്ട്. ഇപ്പോഴിതാ ഒരു സൂപ്പർസ്റ്റാറിനൊപ്പം സിനിമ ചെയ്യുമ്പോൾ സംവിധായകന് തിരക്കഥയോട് പൂർണ്ണമായും സത്യസന്ധത പുലർത്താൻ കഴിയില്ലെന്ന് പറയുകയാണ് മുരുഗദോസ്. സിനിമയുടെ പ്രമോഷൻ ഭാഗമായി പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകന്റെ പ്രതികരണം.

'സൂപ്പർസ്റ്റാറുകളോടൊപ്പം പ്രവർത്തിക്കുമ്പോൾ, പ്രേക്ഷകർക്കും ആരാധകവൃന്ദത്തിനും വേണ്ടി നമ്മൾ വിട്ടുവീഴ്ച ചെയ്യണം. ഒരു സംവിധായകൻ എന്ന നിലയിൽ തിരക്കഥയോട് 100 ശതമാനം സത്യസന്ധത പുലർത്താൻ കഴിയില്ല. പ്രേക്ഷകർക്കും ആരാധകവൃന്ദത്തിനും വേണ്ടി നമ്മൾ വിട്ടുവീഴ്ച ചെയ്യണം. ആരാധകരെ തൃപ്തിപ്പെടുത്തുകയും അവരെക്കുറിച്ച് ചിന്തിക്കുകയും വേണം. ആ മേഖല ശരിക്കും ബുദ്ധിമുട്ടാണ്.

താൻ സഹകരിച്ചിട്ടുള്ള സൂപ്പർസ്റ്റാറുകൾ ആത്മാർത്ഥതയുള്ളവരും അവരുടെ ആരാധകവൃന്ദത്തോട് വളരെയധികം വിശ്വസ്തയുള്ളവരുമാണ്. അവർ തങ്ങളുടെ താരപദവി വളരെ ശക്തമായി നിലനിർത്താനും അത് മുന്നോട്ട് കൊണ്ടുപോകാനും ആഗ്രഹിക്കുന്നു. തങ്ങളുടെ സ്റ്റാർഡം വളരണമെന്ന് അവർ ആഗ്രഹിക്കുന്നു,' മുരുഗദോസ് പറഞ്ഞു. സൽമാൻ ഖാന്റെ മുൻ ചിത്രങ്ങളിൽ നിന്ന് സിക്കന്ദർ ഏറെ വ്യത്യസ്തമാണെന്നും ഗജിനിയിലെന്നപോലെ മനോഹരമായ ഒരു പ്രണയകഥ സിനിമയിൽ ഉണ്ടെന്നും മുരുഗദോസ് പറഞ്ഞു.

അതേസമയം ചിത്രം മാർച്ച് 30 ഞായറാഴ്ച ദിവസമാകും തിയേറ്ററിലെത്തുക. സിനിമയുടെ ഓവർസീസ് പ്രീമിയറുകൾ മാർച്ച് 29 ന് നടക്കും. ഇത് രണ്ടാം തവണയാണ് ഒരു സൽമാൻ ചിത്രം ഞായറാഴ്ച റിലീസിനെത്തുന്നത്. നേരത്തെ ടൈഗർ സിന്ദാ ഹേ എന്ന സിനിമയാണ് ഞായറാഴ്ച തിയേറ്ററിലെത്തിയ മറ്റൊരു സൽമാൻ സിനിമ. നിർമാണ ചെലവിന്റെ ഒട്ടുമുക്കാലും റിലീസിന് മുന്നേ സിക്കന്ദറിന് തിരികെ ലഭിച്ചതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. സൽമാൻ ഖാന്റെ പ്രതിഫലം ഉൾപ്പടെ 180 കോടിയാണ് സിനിമയുടെ നിര്‍മ്മാണച്ചെലവ്. സിനിമയുടെ പബ്ലിസിറ്റിയുടെ ചെലവുകൾ കൂടി നോക്കിയാൽ അത് 200 കോടിക്ക് മുകളിലാകും. ഈ തുകയുടെ ഒട്ടുമുക്കാലും നിർമാതാവിന് തിരികെ ലഭിച്ചെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സിനിമയുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്‌സാണ് സ്വന്തമാക്കിയിരിക്കുന്നത്. 85 കോടിയാണ് നെറ്റ്ഫ്ലിക്സുമായുള്ള കരാറിലൂടെ ലഭിക്കുക. എന്നാൽ സിനിമ വൻവിജയമാവുകയും ബോക്സ് ഓഫീസിൽ നിന്ന് 350 കോടിയിലധികം നേടുകയും ചെയ്യുന്നപക്ഷം ഇത് 100 കോടി വരെ പോകാം എന്നും റിപ്പോർട്ടുകളുണ്ട്. സിനിമയുടെ സാറ്റലൈറ്റ് അവകാശം സീയ്ക്കാണ്. 50 കോടി രൂപയ്ക്കാണ് സീ സിക്കന്ദറിന്റെ ടിവി റൈറ്റ്സ് നേടിയിരിക്കുന്നത്. സീ മ്യൂസിക് കമ്പനി 30 കോടിക്കാണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഇങ്ങനെ നിർമാണ ചെലവിന്റെ ഒട്ടുമുക്കാലും സിനിമ ഇതിനകം തിരിച്ചുപിടിച്ചു എന്നാണ് റിപ്പോർട്ട്.

Content Highlights: Director says it's impossible to be 100 percent honest with the script in superstar films

dot image
To advertise here,contact us
dot image