റോക്കി ഭായിയുടെ ടെറിട്ടറി തകർത്ത് ലാലേട്ടൻ; കർണാടകയിലും ഹൗസ്‍ ഫുൾ ഷോസുമായി 'എമ്പുരാൻ' തരംഗം

എമ്പുരാന്‍ പ്രീ സെയിൽസിലൂടെ കര്‍ണാടകത്തില്‍ നിന്ന് 1.2 കോടിയിലേറെ നേടിയതായാണ് ട്രാക്കർമാർ നൽകുന്ന സൂചന

dot image

മലയാളത്തിന്റെ അതിർവരമ്പുകൾക്കപ്പുറം മോഹൻലാൽ-പൃഥ്വിരാജ് ടീമിന്റെ എമ്പുരാന്റെ ഓളം രാജ്യമാകെ പടർന്നിരിക്കുകയാണ്. സിനിമയുടെ ഇന്ത്യൻ ബുക്കിംഗ് ഇന്ന് ആരംഭിച്ചയുടൻ ഓൺലൈൻ ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോ ക്രാഷാകുന്ന അവസ്ഥ വരെയുണ്ടായി. ഇപ്പോഴിതാ കർണാടകയിൽ നിന്നുള്ള സിനിമയുടെ ബുക്കിംഗ് കണക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

സിനിമയുടെ കർണാടകത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് കെജിഎഫ്, സലാർ തുടങ്ങിയ സിനിമകൾ ഒരുക്കിയ ഹൊംബാലെ ഫിലിംസ് ആണ്. ഹൊംബാലെയുടെ കണക്കുകൾ പ്രകാരം എമ്പുരാന് കര്‍ണാടകയില്‍ ലഭിച്ചിരിക്കുന്നത് 198 ല്‍ അധികം ഹൗസ്‍ഫുള്‍ ഷോകളാണ്. ബുക്കിംഗ് ആരംഭിച്ച് ആദ്യ 24 മണിക്കൂറിനുള്ളിലെ കണക്കാണിത്. എമ്പുരാന്‍ പ്രീ സെയിൽസിലൂടെ കര്‍ണാടകത്തില്‍ നിന്ന് 1.2 കോടിയിലേറെ നേടിയതായാണ് ട്രാക്കർമാർ നൽകുന്ന സൂചന.

അതേസമയം എമ്പുരാൻ മാര്‍ച്ച് 27-ന് ആഗോള റിലീസായെത്തും. ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യമുണ്ട് എമ്പുരാന് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്.

ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.

Content Highlights: Empuraan gets housefull shows in Karnataka

dot image
To advertise here,contact us
dot image