
ഇന്ത്യൻ സിനിമാലോകത്ത് തന്നെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാന ചർച്ചാവിഷയം മോഹൻലാൽ-പൃഥ്വിരാജ് ടീമിന്റെ എമ്പുരാൻ എന്ന ചിത്രമാണ്. സിനിമയുടെ പ്രമോഷൻ പരിപാടികൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഹൈദരാബാദിൽ വെച്ച് നടന്ന എമ്പുരാന്റെ പ്രമോഷൻ ചടങ്ങിൽ സിനിമയുടെ ബജറ്റുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പൃഥ്വിരാജ് നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
മലയാള സിനിമകൾ എപ്പോഴും കണ്ടന്റ് ബേസ് ചെയ്തുള്ളവയാണ്. മലയാള സിനിമ ഒരിക്കലും ബജറ്റിന്റെ പിന്നാലെ പോകാറില്ല. എന്നാൽ ഈ ചിത്രം ബജറ്റ് ബേസ് ചെയ്താണ് വരുന്നത് എന്ന് ഒരു മാധ്യമപ്രവർത്തകൻ പറഞ്ഞപ്പോൾ 'ഒരിക്കലുമില്ല, എമ്പുരാനും കണ്ടന്റ് ബേസ് ചെയ്തുള്ള ചെയ്തുള്ള സിനിമയാണ്. ആ കണ്ടന്റ് കുറച്ച് ചെലവേറിയതാണ് എന്ന് മാത്രം,' എന്നായിരുന്നു പൃഥ്വിയുടെ മറുപടി.
കഴിഞ്ഞ നാലു വർഷങ്ങൾക്കിടയിൽ ഒന്നോ രണ്ടോ ബിഗ് ബജറ്റ് സിനിമകൾ മാത്രമാണ് മലയാളത്തിൽ നിന്ന് വിജയിച്ചിട്ടുള്ളത്. എന്നാൽ ചെറിയ സിനിമകൾ വിജയിച്ചിട്ടുണ്ട്. എന്താണ് ഈ സ്ഥിതിയെക്കുറിച്ച് പറയാനുള്ളത് എന്ന ചോദ്യത്തിന് 'ചെറിയ സിനിമകൾ, വലിയ സിനിമകൾ എന്നീ മാനദണ്ഡത്തിലല്ല ബോക്സ്ഓഫീസിൽ സിനിമകൾ വിജയിക്കുന്നത്. എന്റെ കാഴ്ചപ്പാടിൽ രണ്ടുതരം സിനിമകളാണുള്ളത്, നല്ല സിനിമകളും മോശം സിനിമകളും. ഞാനൊരു നല്ല സിനിമയാണ് ചെയ്തിരിക്കുന്നത് എന്നാണ് എന്റെ പ്രതീക്ഷ. ഈ നല്ല സിനിമ കുറച്ച് ചെലവുള്ള നല്ല സിനിമയാണ് എന്ന് മാത്രം,' എന്നും പൃഥ്വി മറുപടി നൽകി.
'ഞങ്ങൾ ഒരിക്കലും ഈ സിനിമയുടെ ബജറ്റിനെക്കുറിച്ച് എവിടെയും പറഞ്ഞിട്ടില്ല. ഈ സിനിമയ്ക്ക് ഇത്ര ചെലവുണ്ടെന്ന് ഞങ്ങൾ എവിടെയും പറഞ്ഞിട്ടില്ല. എന്റെ അഭിപ്രായത്തിൽ ഈ സിനിമ കാണുമ്പോൾ നിങ്ങൾക്ക് എന്ത് തോന്നുന്നുവോ അതാണ് ഈ സിനിമയുടെ ബജറ്റ്. അതിനൊപ്പം ഞാൻ ഒരു ചാലഞ്ചും വെക്കുകയാണ്. നിങ്ങൾ ഊഹിക്കുന്നത് എത്രയായാലും അത് ഈ സിനിമയുടെ യഥാർത്ഥ ബജറ്റിനേക്കാൾ കൂടുതലായിരിക്കും. അതാണ് മലയാളം സിനിമ,' എന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
Content Highlights: Prithviraj reply on Empuraan press meet gets viral