
എസ് എസ് രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'എസ്എസ്എംബി 29' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമ. നടന്‍ പൃഥ്വിരാജ് ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പിന്നീട് സിനിമയുടെ ഒരു പ്രധാന രംഗത്തിന്റെ ലൊക്കേഷൻ വീഡിയോ ചോർന്നത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോൾ ആ സംഭവത്തിൽ പ്രതികരിക്കുകയാണ് പൃഥ്വി.
ആ സംഭവം തീർത്തും നിർഭാഗ്യകരമാണ് എന്നാണ് നടൻ പറയുന്നത്. ഇത്തരം വീഡിയോസ് ദയവായി കാണരുത്. ഇത്തരം വീഡിയോസ് കാണുന്നതിലൂടെ തിയേറ്ററിൽ സിനിമ കാണുമ്പോഴുള്ള അനുഭവമാണ് നഷ്ടമാകുന്നത് എന്ന് പൃഥ്വി അഭിപ്രായപ്പെട്ടു.
'ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് വീഡിയോ ലീക്കായ സംഭവം തീർത്തും നിർഭാഗ്യകരമാണ്. ഇത്തരം വീഡിയോസ് കാണരുത് എന്നാണ് എനിക്ക് പറയാനുള്ളത്. വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയിൽ നിന്നൊരു ലീക്ക്ഡ് വീഡിയോ പുറത്തുവന്നാൽ അത് കാണരുത്. നിങ്ങൾക്ക് എന്താണ് ലഭിക്കുന്നത്? നിങ്ങൾ ആ സിനിമയെ സ്വയം സ്പോയിൽ ചെയ്യരുത്,' എന്ന് പൃഥ്വിരാജ് പറഞ്ഞു.
ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂളില്‍ മഹേഷ് ബാബുവും നായിക പ്രിയങ്ക ചോപ്രയും പങ്കെടുത്തിരുന്നു. ഒഡിഷയിലെ വിവിധ ലൊക്കേഷനുകളിലാണ് അടുത്ത ഷെഡ്യൂള്‍ രാജമൗലി പ്ലാന്‍ ചെയ്തിരിക്കുന്നത്. 2028-ലായിരിക്കും ചിത്രം റിലീസിനെത്തുക. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് 'എസ്എസ്എംബി 29'ന് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും ചിത്രത്തിന്റെ തിയേറ്റർ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്. ആഫ്രിക്കന്‍ ജംഗിള്‍ അഡ്വഞ്ചര്‍ ഗണത്തില്‍ പെടുന്ന ചിത്രം 1000 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.എം എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
Content Highlights: Prithviraj talks about the leaked location video of Rajamouli movie