പുഷ്പയൊക്കെ വെറും സാമ്പിൾ; അറ്റ്ലീ സിനിമയ്ക്കായി അല്ലു അർജുൻ വാങ്ങുന്നത് റെക്കോർഡ് പ്രതിഫലമെന്ന് റിപ്പോർട്ട്

പുനർജന്മ പ്രമേയത്തെ അടിസ്ഥാനമാക്കിയായിരിക്കും അല്ലു അർജുൻ-അറ്റ്ലീ ചിത്രം കഥ പറയുക എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്

dot image

തെരി, മെർസൽ, ജവാൻ തുടങ്ങിയ സിനിമകളിലൂടെ സിനിമാപ്രേമികളെ ഞെട്ടിച്ച സംവിധായകനാണ് അറ്റ്ലീ. സമ്മിശ്ര പ്രതികരണങ്ങളാണ് മിക്ക അറ്റ്ലീ സിനിമകൾക്കും ലഭിക്കുന്നതെങ്കിലും സിനിമകൾ എല്ലാം ബോക്സ് ഓഫീസിൽ വലിയ വിജയങ്ങളാണ് നേടുന്നത്. ഷാരൂഖ് ഖാനെ നായകനാക്കി ഒരുക്കിയ ജവാൻ എന്ന ഹിറ്റ് സിനിമയ്ക്ക് അടുത്ത അറ്റ്ലീ സിനിമയ്ക്കായി എല്ലാവരും ഒരുപോലെ കാത്തിരിക്കുകയാണ്. അല്ലു അർജുനാണ് അടുത്ത സിനിമയിൽ നായകനായി എത്തുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണവും അല്ലു അർജുന്റെ പ്രതിഫലവും സംബന്ധിച്ച് പുതിയ റിപ്പോർട്ടുകൾ വന്നിരിക്കുകയാണ്.

ചിത്രത്തിൽ അഭിനയിക്കാനായി അല്ലു അർജുന് 175 കോടിയാണ് പ്രതിഫലം നൽകുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഒപ്പം സിനിമയുടെ ലാഭത്തിൽ നിന്നും 15 ശതമാനവും നിർമാതാക്കൾ അല്ലുവിന് നൽകേണ്ടി വരും. ബൾക്ക് ഡേറ്റുകളാണ് നടൻ സിനിമയ്ക്കായി അനുവദിച്ചിരിക്കുന്നത്. ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് അല്ലു എത്തുന്നതെന്നും വാർത്തകളുണ്ട്. സംവിധായകനായ അറ്റ്ലീക്ക് 100 കോടിയാണ് ലഭിക്കുന്നതെന്നും പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. സൺ പിക്ചേഴ്സും അല്ലു അരവിന്ദിന്റെ ഉടമസ്ഥതയിലുള്ള ഗീത ആർട്സും ചേർന്നാണ് സിനിമ നിർമിക്കുന്നതെന്ന് നേരത്തെ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

പുനർജന്മ പ്രമേയത്തെ അടിസ്ഥാനമാക്കിയായിരിക്കും അല്ലു അർജുൻ-അറ്റ്ലീ ചിത്രം കഥ പറയുക എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. അല്ലു അർജുൻ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെയാകും അവതരിപ്പിക്കുക. ഇതിൽ ഒന്ന് ആധുനിക കാലഘട്ടത്തിലുള്ളതും മറ്റൊന്ന് പഴയ കാലഘട്ടത്തിലേതുമാണെന്നാണ് സൂചന. അറ്റ്ലീയുമായുള്ള സിനിമയ്ക്ക് ശേഷം ത്രിവിക്രം ചിത്രത്തിലാകും അല്ലു അഭിനയിക്കുക. വമ്പൻ ബഡ്ജറ്റിൽ ഒരു പീരീഡ് ചിത്രമായി ഒരുങ്ങുന്ന സിനിമ 2026 പകുതിയോടെ ചിത്രീകരണം ആരംഭിക്കും.

Content Highlights: Allu Arjun receives 175 crores for Atlee film says reports

dot image
To advertise here,contact us
dot image