
എമ്പുരാൻ സിനിമയിൽ അഞ്ചു പാട്ടുകൾ ഉണ്ടെന്നും അതിന്റെ എല്ലാ ട്രാക്കുകളും പാടിയിരിക്കുന്നത് താനാണെന്നും ആനന്ദ് ശ്രീരാജ്. പാട്ടുകളുടെ വൈബ് പിടിക്കാനായി സിനിമയിലെ ചില റോ ഫൂട്ടേജ് തന്നെ ദീപക് ദേവ് കാണിച്ചിരുന്നുവെന്നും അത് കണ്ടപ്പോൾ തന്നെ തന്റെ കണ്ണ് തള്ളിയെന്നും ആനന്ദ് പറഞ്ഞു. എമ്പുരാൻ ഗ്യാരന്റിയാണെന്നും മോഹൻലാൽ ആരാധകർക്ക് സിനിമ ഒരു ട്രീറ്റ് ആയിരിക്കുമെന്നും ആനന്ദ് ശ്രീരാജ് കൂട്ടിച്ചേർത്തു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'എമ്പുരാനിൽ അഞ്ച് പാട്ടാണ് ദീപക് ഏട്ടൻ ഒരുക്കിയിരിക്കുന്നത്. ആ പാട്ടുകളുടെ മുഴുവൻ ട്രാക്കുകൾ പാടിയിരിക്കുന്നത് ഞാനാണ്. അതിന് ശേഷമാണ് ബാക്കി സിംഗേഴ്സിനെ കൊണ്ട് അത് പാടിക്കുന്നത്. പാട്ടിന് വേണ്ട സിനിമയിലെ എല്ലാ സീക്വൻസും ദീപക് ഏട്ടൻ എന്നെ കാണിച്ചു തരും. ഇതാണ് വൈബ് ഈ വൈബ് നീ പിടിക്കണം എന്ന് പറയും. അങ്ങനെ ഒരു സീൻ ഞാൻ കണ്ടു. ലാൽ സാറിന്റെ ഒരു സീനാണ്. കണ്ടപ്പോഴേക്കും ആദ്യം എന്റെ കണ്ണ് വിടർന്നു വന്നു. ഞാൻ വാ പൊളിച്ചു ഇരിക്കുകയാണ്. റോ ഫൂട്ടേജ് ആണ് കാണുന്നത്. അത് തന്നെ എടുത്ത് വെച്ചിരിക്കുന്നത് കണ്ട് ഞെട്ടി.
ഞാൻ വായ തുറന്ന് ഇരിക്കുന്നത് കണ്ട് ദീപക് ഏട്ടൻ എന്ത് പറ്റിയെന്ന് ചോദിച്ചപ്പോൾ ഞെട്ടിത്തരിച്ച് ഇരുന്നതാണെന്ന് പറഞ്ഞു. 'ഞാൻ ഒരു തവണ ഞെട്ടിയതാണെന്നാണ്' ദീപക് ദേവ് അപ്പോൾ പറഞ്ഞത്'. എമ്പുരാൻ ഗ്യാരന്റിയാണ്, നമ്മൾ എല്ലാം കാണാൻ ആഗ്രഹിക്കുന്ന സൂപ്പർ ഹീറോ ലാൽ സാറിനെ ഈ സിനിമയിൽ കാണാം. വെറുതെ കണ്ടപ്പോൾ പോലും എനിക്ക് രോമാഞ്ചം ഉണ്ടായി,' ആനന്ദ് ശ്രീരാജ് പറഞ്ഞു.
അതേസമയം, ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ സിനിമ എന്ന റെക്കോർഡും എമ്പുരാൻ സ്വന്തമാക്കിയിരുന്നു. 24 മണിക്കൂറിൽ 6,45,000 ത്തിൽ കൂടുതൽ ടിക്കറ്റുകളാണ് ചിത്രം വിറ്റിരിക്കുന്നത്. ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ആളുകൾ കാണാൻ താല്പര്യം പ്രകടിപ്പിച്ച സിനിമയും എമ്പുരാൻ ആയിരുന്നു. അതേസമയം വിദേശ രാജ്യങ്ങളിലെ എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് ഏതാനും ദിവസങ്ങൾക്ക് മുന്നേ ആരംഭിച്ചു കഴിഞ്ഞു. ഓവർസീസിൽ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യമുണ്ട് എമ്പുരാന് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്.
വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ് ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.
Content Highlights: Anand Sreeraj says there are five songs in Empuraan