
പിതാവിന്റെയും പുത്രന്റെയും ഇടയിൽ വിരിഞ്ഞ ഇരുട്ടിന്റെ പൂവ്, തമോഗോളങ്ങളുടെ എമ്പുരാൻ… ഈ ഡയലോഗിന് ശേഷം ട്രെയ്‌ലറിൽ 'എമ്പുരാനേ..' എന്ന ഗാനവും മോഹൻലാലിന്റെ ഇൻട്രോയും എത്തുകയാണ്. ഈ ഗാനം പാടിയത് പിന്നണിഗായകൻ ആനന്ദ് ശ്രീരാജാണ്. ട്രെയിലറിൽ ഈ പാട്ട് കേട്ടപ്പോൾ തനിക്ക് സന്തോഷം കൊണ്ട് കണ്ണുനീർ അടക്കാനായില്ലെന്ന് പറയുകയാണ് ആനന്ദ് ശ്രീരാജ്. റിപ്പോർട്ടർ ടി വിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ട്രെയ്‌ലറിൽ എന്റെ വോയിസ് ഉണ്ടാകുമെന്നതിനെക്കുറിച്ച് എനിക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു. ട്രെയ്‌ലർ റിലീസ് സമയത്ത് ഞാനും ട്രെയ്ലർ കാണുന്നതിനാണ് കാത്തിരുന്നത്. എന്നാൽ ട്രെയ്‌ലർ വന്നപ്പോൾ ലിറ്ററലി എന്റെ കിളി പോയ അവസ്ഥയായിരുന്നു… എന്റെ കണ്ണ് നിറഞ്ഞു. അതൊരു വല്ലാത്ത മൊമെന്റ് ആയിരുന്നു. ഞാൻ രാത്രി ഒന്നരയ്ക്കാണ് ട്രെയ്‌ലർ കാണുന്നത്. എന്റെ വോക്കൽ കേട്ടയുടൻ ഞാൻ അച്ഛനെ വിളിച്ച് എഴുന്നേൽപ്പിച്ച് അദ്ദേഹത്തെയും ഇത് കേൾപ്പിച്ചു. അച്ഛനും ഇമോഷണലായി. സിനിമയുടെ പാർട്ടാണ് എന്ന് എനിക്കറിയാം. എന്നാൽ ട്രെയ്‌ലറിൽ എന്റെ ശബ്ദം കേൾക്കാൻ പറ്റുമെന്ന് കരുതിയിരുന്നില്ല. അത് ദൈവാനുഗ്രഹമായാണ് കാണുന്നത്,' ആനന്ദ് ശ്രീരാജ് പറഞ്ഞു.
അതേസമയം, ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ സിനിമ എന്ന റെക്കോർഡും എമ്പുരാൻ സ്വന്തമാക്കിയിരുന്നു. 24 മണിക്കൂറിൽ 6,45,000 ത്തിൽ കൂടുതൽ ടിക്കറ്റുകളാണ് ചിത്രം വിറ്റിരിക്കുന്നത്. ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ആളുകൾ കാണാൻ താല്പര്യം പ്രകടിപ്പിച്ച സിനിമയും എമ്പുരാൻ ആയിരുന്നു. അതേസമയം വിദേശ രാജ്യങ്ങളിലെ എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് ഏതാനും ദിവസങ്ങൾക്ക് മുന്നേ ആരംഭിച്ചു കഴിഞ്ഞു. ഓവർസീസിൽ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യമുണ്ട് എമ്പുരാന് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്.
വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ് ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.
Content Highlights: Anand Sreeraj talks about the song in the Empuraan trailer