
ബോളിവുഡ് ഒരിക്കലും ഡാൻസ് കൊറിയോഗ്രാഫേഴ്സിന് ക്രെഡിറ്റ് നൽകാറില്ലെന്നും എന്നാൽ അല്ലു അർജുൻ അവരിൽ നിന്നെല്ലാം വ്യത്യസ്തനായിരുന്നു എന്നും നൃത്ത സംവിധായകൻ ഗണേഷ് ആചാര്യ. ബോളിവുഡിൽ പ്രേക്ഷകർ സ്റ്റാറിന് മാത്രമാണ് ഇപ്പോഴും ക്രെഡിറ്റ് നൽകുന്നത്. അതിന് പിന്നിൽ പ്രവർത്തിച്ച സംവിധായകനോ ടെക്‌നീഷ്യൻസിനോ ഒരിക്കലും ക്രെഡിറ്റ് ലഭിക്കാറില്ല. പക്ഷേ പുഷ്പ ചെയ്തതിന് ശേഷം അല്ലു അർജുൻ തന്നെ വിളിച്ച് അഭിനന്ദിച്ചെന്നും ഒരു അഭിമുഖത്തിൽ ഗണേഷ് ആചാര്യ മനസുതുറന്നു.
'ബോളിവുഡ് ഡാൻസ് കൊറിയോഗ്രാഫേഴ്സിന് ഒരിക്കലും ക്രെഡിറ്റ് നൽകാറില്ല. അവർക്ക് ഈഗോ കൂടുതലാണ്. എന്നാൽ അല്ലു അർജുൻ എന്നെ വിളിച്ച് എനിക്ക് ക്രെഡിറ്റ് നൽകി. ഒപ്പം വിജയത്തിനെല്ലാം കാരണം ഞാൻ ആണെന്നും നിങ്ങൾ കാരണം ആണ് ആളുകൾ എന്നെ അഭിനന്ദിക്കുന്നത് എന്നും പറഞ്ഞു. പുഷ്പയുടെ വിജയാഘോഷത്തിനായി അദ്ദേഹം എന്നെ ഹൈദരാബാദിലേക്ക് ക്ഷണിച്ചു. ആളുകൾ മദ്യപിച്ച് നൃത്തം ചെയ്യുന്ന ഒരു സാധാരണ പാർട്ടിയായിരുന്നില്ല അത്. അവർ ഒരു സ്റ്റേജ് ഇട്ട് സാങ്കേതിക വിദഗ്ധർക്ക് അവാർഡ് നൽകി. പുഷ്പയുടെ ഭാഗമായ ഒരു ലൈറ്റ് മാൻ പോലും അതിൽ അവാർഡും നേടി', ഗണേഷ് ആചാര്യ പറഞ്ഞു.
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ വിജയമായി തീർന്ന ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ 2. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമിച്ചത്. ആഗോളതലത്തിൽ അല്ലു അർജുന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ സിനിമയാണ് പുഷ്പ 2. ജനുവരി 17 ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതുവരെ 1871 കോടി രൂപയാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് പുഷ്പ 2. 2000 കോടിക്ക് മുകളിൽ നേടിയ ആമിർ ഖാൻ ചിത്രം ദംഗലാണ് ഇനി പുഷ്പക്ക് മുന്നിലുള്ള സിനിമ.
Content Highlights: Ganesh Acharya talks about Pushpa 2 and Allu Arjun