
മലയാള സിനിമയിൽ തന്നെ ഏറ്റവും ഹൈപ്പോടെ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഒന്നായിരുന്നു മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടിന്റെ മലൈക്കോട്ട വാലിബന്‍. കഴിഞ്ഞ വർഷം റിലീസ് ചെയ്ത സിനിമയ്ക്ക് തിയേറ്ററുകളിൽ വേണ്ടുന്ന രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇപ്പോൾ ആ സിനിമയുടെ പരാജയത്തെക്കുറിച്ച് പ്രതികരിക്കുകയാണ് മോഹൻലാൽ.
ലിജോ ജോസ് പെല്ലിശ്ശേരി മലൈക്കോട്ടൈ വാലിബന്റെ കഥ പറയുമ്പോൾ അത് അതിശകരമായിരുന്നു. എന്നാൽ ചിത്രീകരണ വേളയിൽ ആ സിനിമയുടെ കഥയിൽ മാറ്റങ്ങൾ വന്നുവെന്നും അത് കൈ വിട്ടുപോകുന്ന സാഹചര്യമുണ്ടായെന്നും മോഹൻലാൽ പറഞ്ഞു. അത് ഒരു തെറ്റായി താൻ കാണുന്നില്ല എന്നും കണക്കുകൂട്ടലുകളിലെ പിഴവാണെന്നും മോഹൻലാൽ പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.
'സിനിമയുടെ പരാജയങ്ങൾ എന്നെ ബാധിക്കാറില്ല. അത് സംഭവിക്കും. മലൈക്കോട്ടൈ വാലിബനിലേക്ക് വന്നാൽ ലിജോ ആ കഥ പറയുമ്പോൾ അത് അതിശയകരമായിരുന്നു. ഷൂട്ടിംഗ് പ്രോസസിനിടയിൽ ആ സിനിമയുടെ കഥ വളരാൻ തുടങ്ങി. അങ്ങനെ അത് കൈവിട്ടു പോയി. പിന്നീട് അത് രണ്ട് ഭാഗങ്ങളായി എടുക്കാൻ തീരുമാനിച്ചു, എന്തിന്? ആ കാരണത്താൽ ആ സിനിമയുടെ ദൈർഘ്യം മാറി, ആശയം മാറി. അതിനെ ഒരു തെറ്റായി ഞാൻ കാണുന്നില്ല. അത് കണക്കുകൂട്ടലുകളിലെ പിഴവാണ്. ലിജോ ആ സിനിമയെ മറ്റൊരു രീതിയിലാണ് അവതരിപ്പിച്ചത്. എന്നാൽ പ്രേക്ഷകർ ആ സിനിമയുടെ പേസുമായി കണക്റ്റായില്ല,' എന്ന് മോഹൻലാൽ പറഞ്ഞു.
2024 ജനുവരി 25നായിരുന്നു മലൈക്കോട്ട വാലിബന്‍ റിലീസ് ചെയ്തത്. പി എസ് റഫീക്കാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചത് പ്രശാന്ത് പിള്ളയാണ്. സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.
Content Highlights: Mohanlal talks about the failure of Malaikottai Vaaliban