
സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ എമ്പുരാൻ തരംഗമാണ്. ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ സിനിമയുടെ ട്രെയ്‌ലർ എത്തിയപ്പോൾ അതും ആരാധകർക്ക് ഒരു വിരുന്ന് തന്നെയായിരുന്നു. എമ്പുരാന്റെ ട്രെയ്‌ലർ പൃഥ്വിരാജ് രജനികാന്തിനെ കാണിച്ചതും അതിന് താരം നൽകിയ മറുപടിയും ഏറെ ചർച്ചയായിരുന്നു. ഇപ്പോൾ ആ നിമിഷങ്ങളുടെ ഓർമ്മ പങ്കുവെക്കുകയാണ് പൃഥ്വി.
'ലൂസിഫർ റിലീസ് ചെയ്ത സമയത്ത് രജനി സാറും സൗന്ദര്യയും ഒരു സിനിമ ചെയ്യുന്ന കാര്യത്തിനായി സമീപിച്ചിരുന്നു. എന്നാൽ ശ്രമിച്ചുവെങ്കിലും അത് ചെയ്യാൻ കഴിഞ്ഞില്ല. എമ്പുരാന്റെ ട്രെയ്‌ലർ റെഡി ആയ സമയം ഞാൻ സൗന്ദര്യയെ വിളിച്ച് ഈ ട്രെയ്‌ലർ ആദ്യം രജനി സാറിനെ കാണിക്കണം എന്ന ആഗ്രഹം പറഞ്ഞിരുന്നു. മോഹൻലാൽ സാറും സിനിമയുടെ നിർമാതാവും കാണുന്നതിന് മുമ്പ് ട്രെയ്‌ലർ കണ്ടത് രജനി സാറാണ്. ട്രെയ്‌ലർ കണ്ട ശേഷം അദ്ദേഹം എഴുന്നേറ്റ് എന്നെ കെട്ടിപ്പിടിച്ചു. മോഹൻലാൽ സാറിനെ വിളിക്കാൻ ആവശ്യപ്പെട്ടു. അതിന് ശേഷം ഇരുവരും ഏറെ നേരം സംസാരിച്ചു. അദ്ദേഹം എന്തൊരു മനുഷ്യനാണ്. അദ്ദേഹത്തോട് ഒരു അഞ്ച് നിമിഷം സംസാരിക്കണം. അസാധ്യ മനുഷ്യനാണ് അദ്ദേഹം,' എന്ന് പൃഥ്വിരാജ് പറഞ്ഞു. ഇന്ത്യ ഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.
അതേസമയം എമ്പുരാൻ മാര്‍ച്ച് 27-ന് ആഗോള റിലീസായെത്തും. ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവുമുണ്ട് പുറത്തുവരുന്ന വിവരമനുസരിച്ച് എമ്പുരാന്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്.
വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.
Content Highlights: Prithviraj shares the experience with Rajinikanth