
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ സിനിമകളിൽ ഒന്നാണ് തുടരും. വർഷങ്ങൾക്കിപ്പുറം മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ചിത്രം, രണ്ട് സൂപ്പർഹിറ്റുകൾക്ക് ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം എന്നിങ്ങനെ തുടരുമിന് നിരവധി പ്രത്യേകതകളുണ്ട്. ഈ സിനിമയെക്കുറിച്ച് മോഹൻലാൽ ഇപ്പോൾ പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
'തുടരും എന്ന സിനിമ എനിക്ക് പുതിയതായ ഒരു സംവിധായകനാണ് ചെയ്യുന്നത്. വളരെ ബ്രില്യന്റായാണ് അദ്ദേഹം ആ സിനിമ ചെയ്തിരിക്കുന്നത്. അത് ദൃശ്യം പോലൊരു സിനിമയാണ്,' എന്നാണ് സിനിമയെക്കുറിച്ച് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞത്. ഈ വാക്കുകൾ ഇതിനകം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു. ദൃശ്യം പോലെ ഒരു വമ്പൻ സർപ്രൈസ് ഈ സിനിമയിലും ഉണ്ടാകുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
കഴിഞ്ഞ ദിവസം സിനിമയുടെ പ്ലോട്ട് സമ്മറിയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സമ്മറി പ്രകാരം പത്തനംതിട്ടയിലെ റാന്നിയിലെ ഒരു ടാക്സി ഡ്രൈവറാണ് മോഹൻലാലിന്റെ ഷൺമുഖം എന്ന കഥാപാത്രം. അയാൾക്ക് തന്റെ കുടുംബം പോലെ പ്രിയപ്പെട്ട മറ്റൊന്നുണ്ട്, അയാളുടെ അയാളുടെ പഴയ അംബാസഡർ കാർ. മറ്റുള്ളവർക്ക് അതൊരു പഴയ വാഹനമായിരിക്കാം. എന്നാൽ ഷണ്മുഖത്തിന് അത് തന്റെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ്. അയാളുടെ യാത്രയിൽ ഒരു വെല്ലുവിളിയെ അഭിമുഖരിക്കേണ്ടിവരുന്നതും ത്തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ കഥ. ഈ സമ്മറി പ്രകാരം മോഹൻലാലിനും ശോഭനയ്ക്കുമൊപ്പം ചിത്രത്തിൽ കാണിക്കുന്ന അംബാസഡർ കാറും ഏറെ ചർച്ചയാകുമെന്ന് ഉറപ്പ്.
'ഓപ്പറേഷന്‍ ജാവ', 'സൗദി വെള്ളക്ക' എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്.
Content Highlights: Mohanlal words about Thudarum movie gone viral