
സമീപകാലത്തെ മമ്മൂട്ടിയുടെ സിനിമകളുടെ തെരഞ്ഞെടുപ്പിനെ എല്ലാവരും പ്രകീർത്തിക്കാറുണ്ട്. പുഴു, നൻപകൽ നേരത്ത് മയക്കം, കാതൽ ദി കോർ, ഭ്രമയുഗം തുടങ്ങി വ്യത്യസ്തങ്ങളായ സിനിമകളിലൂടെ അദ്ദേഹം തന്റെ മാറ്റ് കൂട്ടുകയാണ് എന്ന് പലരും അഭിപ്രയപ്പെടാറുണ്ട്. ഇപ്പോൾ മമ്മൂട്ടിയുടെ സമീപകാല സിനിമകളെപ്പറ്റി സംസാരിക്കുകയാണ് മോഹന്‍ലാല്‍.
സമീപകാലത്തെ മമ്മൂട്ടിയുടെ തെരഞ്ഞെടുപ്പുകളെ അഭിനന്ദിച്ച മോഹന്‍ലാല്‍, കാതല്‍ എന്ന സിനിമ താന്‍ കണ്ടെന്നും മമ്മൂട്ടി അതിമനോഹരമായി ഈ സിനിമ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. എന്നാല്‍ സ്വവര്‍ഗാനുരാഗത്തെപ്പറ്റി വർഷങ്ങൾക്ക് മുന്നേ താൻ സിനിമ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിനോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.
'അദ്ദേഹം മികച്ച സിനിമകൾ ചെയ്യുന്നു. അത്തരം സിനിമകൾ ചെയ്യാൻ അദ്ദേഹം തയ്യാറാകുന്നു. ആ സിനിമകളെല്ലാം സന്തോഷപൂർവ്വമാണ് അദ്ദേഹം ചെയ്യുന്നതും. കാതൽ എന്ന സിനിമ ഞാൻ കണ്ടിരുന്നു. അത്തരം സിനിമകൾ ചെയ്യാൻ അദ്ദേഹം ധൈര്യപ്പെടുന്നു. ഞാനും അത്തരം സിനിമകളും നാടകങ്ങളും ചെയ്തിട്ടുണ്ട്. എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വവര്‍ഗാനുരാഗത്തെപ്പറ്റി പറയുന്ന ഒരു സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ദേശാടനക്കിളി കരയാറില്ല എന്ന സിനിമ ലെസ്ബിയന്‍ റിലേഷനെപ്പറ്റിയാണ് കഥ പറഞ്ഞത്,' എന്ന് മോഹൻലാൽ പറഞ്ഞു.
അതേസമയം, മോഹൻലാൽ നായകനാകുന്ന അടുത്ത ചിത്രം എമ്പുരാൻ മാര്‍ച്ച് 27-ന് റിലീസിനെത്തുകയാണ്. 58 കോടിയിലധികം രൂപയാണ് എമ്പുരാൻ ഇതുവരെ ആഗോളതലത്തിൽ അഡ്വാൻസ് സെയിൽസിലൂടെ നേടിയിരിക്കുന്നത്. കേരളത്തിൽ നിന്ന് സിനിമ 19 കോടിയിലധികവും മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് നാലര കോടിയിലധികവും സിനിമ ഇതിനകം നേടി കഴിഞ്ഞതായും ഓവർ സീസിൽ സിനിമ നാല് മില്യണിലധികം ഡോളറും (34.5 കോടി രൂപ) നേടിയതായും ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Content Highlights: Mohanlal talks about Mammootty's current movies