ചെറിയ പ്രശ്നമുണ്ടായിരുന്നു, ഇച്ചാക്ക ഇപ്പോൾ സുഖമായിരിക്കുന്നു: മോഹൻലാൽ

'അദ്ദേഹം സുഖമായിരിക്കുന്നു. പേടിക്കാൻ ഒന്നുമില്ല'

dot image

മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് പല അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോൾ തന്റെ പ്രിയസുഹൃത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പറയുകയാണ് മോഹൻലാൽ. അദ്ദേഹത്തെ സുഖമായിരിക്കുന്നു എന്നും ഭയപ്പെടേണ്ട ആവശ്യമില്ല എന്നുമാണ് മോഹൻലാൽ പറഞ്ഞത്. എമ്പുരാൻ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ചെന്നൈയിൽ നടന്ന പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അദ്ദേഹം സുഖമായിരിക്കുന്നു. അദ്ദേഹത്തിന് ചെറിയ പ്രശ്നമുണ്ടായിരുന്നു. എല്ലാവർക്കും ഉണ്ടാകും. അത്ര മാത്രമേയുള്ളൂ. പേടിക്കാൻ ഒന്നുമില്ല,' എന്ന് മോഹൻലാൽ പറഞ്ഞു.

കഴിഞ്ഞ ദിവസം ശബരിമല ദർശനത്തിനിടയിൽ മമ്മൂട്ടിയുടെ പേരിൽ മോഹൻലാൽ വഴിപാട് നടത്തിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് നടൻ ഉഷപൂജ നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും നടൻ വഴിപാട് അർപ്പിച്ചിരുന്നു.

അതേസമയം മമ്മൂട്ടിയും മോഹൻലാലും ഏറെ വർഷങ്ങൾക്കിപ്പുറം ഒന്നിച്ച് അഭിനയിക്കുന്ന മഹേഷ് നാരായണൻ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രം സാമ്പത്തിക പ്രശ്നങ്ങൾ മൂലവും മമ്മൂട്ടിയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലവും നിർത്തിവെച്ചതായി അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നുവെങ്കിലും ഇതെല്ലാം നിര്‍മാതാക്കളില്‍ ഒരാളായ സലിം റഹ്മാന്‍ തള്ളിക്കളയുകയുണ്ടായി.

മമ്മൂട്ടിക്കെതിരെയും സിനിമയ്‌ക്കെതിരെയും പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. മാര്‍ച്ച് അവസാനത്തോടെ ചിത്രീകരണം പുനരാരംഭിക്കാന്‍ ഇരിക്കുന്ന വേളയിൽ ഇത്തരം പ്രചരണങ്ങൾ മലയാള സിനിമയെ തകർക്കാൻ വേണ്ടിയാണെന്ന് സലിം റഹ്മാൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരുന്നു.

Content Highlights: Mohanlal talks about the health condition of Mammootty

dot image
To advertise here,contact us
dot image