
ശബരിമല ദർശനത്തിനിടയിൽ മോഹൻലാൽ മമ്മൂട്ടിക്കായി വഴിപാട് നടത്തിയ സംഭവം ഏറെ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോൾ ആ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് മോഹൻലാൽ. അദ്ദേഹത്തിന് വേണ്ടി പൂജ ചെയ്തതിന്റെ രസീത് ആരോ ലീക്ക് ചെയ്യുകയായിരുന്നു. അദ്ദേഹം തന്റെ സഹോദരനും സുഹൃത്തുമാണെന്നും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുക എന്നത് ഏറെ പേഴ്‌സണലായ കാര്യമാണെന്നും നടൻ പറഞ്ഞു. എമ്പുരാൻ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ചെന്നൈയിൽ നടന്ന പ്രസ് മീറ്റിൽ ഇതേ കുറിച്ച് ഉയര്‍ന്ന ചോദ്യത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അത് എന്തിന് പ്രത്യേകം പറയണം. അദ്ദേഹത്തിന് വേണ്ടി ഒരു പൂജ ചെയ്തു. ആരോ ആ രസീത് ലീക്ക് ചെയ്തു. അത് തീർത്തും പേഴ്‌സണലായ കാര്യമാണ്. നിങ്ങൾ ഒരാൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് എന്തിന് പുറത്ത് പറയണം. ഞാൻ നിനക്ക് വേണ്ടി പ്രാർത്ഥിക്കാം എന്ന് പലരും പറയും, എന്നിട്ട് അത് ചെയ്യില്ല. നിങ്ങൾ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ചെയ്യണം. അദ്ദേഹം എന്റെ സുഹൃത്തും സഹോദരനുമാണ്. അദ്ദേഹത്തിന് വേണ്ടി ഞാൻ പ്രാർത്ഥിച്ചു,' എന്ന് മോഹൻലാൽ പറഞ്ഞു.
മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വന്ന അഭ്യൂഹങ്ങളിലും മോഹൻലാൽ പ്രതികരിച്ചു. 'അദ്ദേഹം സുഖമായിരിക്കുന്നു. അദ്ദേഹത്തിന് ചെറിയ പ്രശ്നമുണ്ടായിരുന്നു. എല്ലാവർക്കും ഉണ്ടാകും. അത്ര മാത്രമേയുള്ളൂ. പേടിക്കാൻ ഒന്നുമില്ല,' എന്ന് മോഹൻലാൽ പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു ശബരിമല ദർശനത്തിനിടയിൽ മമ്മൂട്ടിയുടെ പേരിൽ മോഹൻലാൽ വഴിപാട് നടത്തിയത്. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് നടൻ ഉഷപൂജ നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും നടൻ വഴിപാട് അർപ്പിച്ചിരുന്നു.
Content Highlights: Mohanlal talks about the offerings in Mammootty's name at Sabarimala