സിനിമാ ടീം ഒപ്പിട്ടുനല്‍കിയ ബജറ്റാണ് പുറത്തുവിട്ടത്; കുഞ്ചാക്കോ ബോബന് മറുപടിയുമായി നിര്‍മാതാക്കളുടെ സംഘടന

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി പരാജയച്ചിത്രമാണെന്ന് പറഞ്ഞിട്ടില്ലെന്നും നിര്‍മാതാക്കളുടെ സംഘടന പ്രസ്താവനയില്‍ പറഞ്ഞു

dot image

പ്രൊഡ്യുസേഴ്സ് അസോസിയേഷൻ മാസാമാസം പുറത്തുവിടുന്ന മലയാള സിനിമകളുടെ കളക്ഷനുമായി ബന്ധപ്പെട്ട് നടൻ കുഞ്ചാക്കോ ബോബൻ നടത്തിയ പ്രതികരണത്തിന് മറുപടിയുമായി നിർമാതാക്കളുടെ സംഘടന. അസോസിയേഷൻ പുറത്തുവിട്ട ഫെബ്രുവരി മാസത്തെ കണക്കുകളിൽ അപാകതകളുണ്ടെന്ന് കുഞ്ചാക്കോ ബോബന് ചൂണ്ടിക്കാണിച്ചതായി കണ്ടു. എന്നാൽ ഇത് കേരളത്തിലെ തിയേറ്റർ കളക്ഷൻ മാത്രമാണ്. മത്രമല്ല ഓഫീസർ ഓൺ ഡ്യൂട്ടി ഉൾപ്പടെ അഞ്ച് സിനിമകൾ ഇപ്പോൾ പ്രദർശനം തുടരുന്നതായും അതിൽ കാണിച്ചിട്ടുണ്ടെന്ന് സംഘടന പറഞ്ഞു.

സിനിമയുടെ മുടക്കുമുതൽ സംബന്ധിച്ച് നിർമാതാവും സംവിധായകനും ഒപ്പിട്ട് തന്നിരിക്കുന്ന കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്. തിയേറ്ററിൽ നിന്നും വിതരണക്കാരിൽ നിന്നും ലഭിക്കുന്ന വരുമാനകണക്ക് എടുത്താണ് സംഘടന പ്രസിദ്ധീകരിക്കുന്നത്. ഹിറ്റാകുന്ന സിനിമകൾ മാത്രമാണ് കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും നല്ല രീതിയിൽ കളക്ഷൻ നേടുന്നത്. മാത്രമല്ല ഒടിടി, സാറ്റലൈറ്റ് ബിസിനസ് നടക്കാത്ത സിനിമകളാണ് തങ്ങൾ പുറത്തുവിട്ട പട്ടികയിൽ കൂടുതലും എന്നും സംഘടന വ്യക്തമാക്കി.

ഓഫീസർ ഓൺ ഡ്യൂട്ടി ഒരു പരാജയ ചിത്രമാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. റിലീസിന് മുന്നേ തന്നെ ഓഫീസർ ഓൺ ഡ്യൂട്ടിയുടെ റൈറ്റ്സ് വിറ്റുപോയിരുന്നു. മാത്രമല്ല ചിത്രത്തിന്റെ മുതൽമുടക്ക് കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് തന്നെ നേടിയേക്കാം. ഈ സിനിമയ്ക്ക് പുറമെ ബ്രോമാൻസ്, പൈങ്കിളി, നാരായണീന്റെ മൂന്ന് ആണ്മക്കൾ എന്നീ സിനിമകളുടെ ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾ വിറ്റതായും അറിവ് ലഭിച്ചിട്ടുണ്ട്. എന്നാൽ ഭൂരിഭാഗം സിനിമകളും കേരളത്തിലെ തിയേറ്റർ കളക്ഷൻ കൊണ്ട് മാത്രം തൃപ്തിപ്പെടേണ്ടിവരുന്നവയാണ്. സിനിമകളുടെ മെറിറ്റും ഡീമെറിറ്റും വിലയിരുത്തിയല്ല സിനിമകളുടെ ബിസിനസ് സാദ്ധ്യതകൾ അറിയാതെ പണം മുടക്കുന്നവരെ ബോധവൽക്കരിക്കുകയാണ് തങ്ങൾ ഉദ്ദേശിക്കുന്നത് എന്ന് പ്രൊഡ്യുസേഴ്സ് അസോസിയേഷൻ പ്രസ്താവനയില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമായിരുന്നു പ്രൊഡ്യുസേഴ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾക്കെതിരെ കുഞ്ചാക്കോ ബോബന് രംഗത്തെത്തിയത്. 13 കോടി ബജറ്റിലൊരുങ്ങിയ ഓഫീസർ ഓൺ ഡ്യൂട്ടി 11 കോടി വരെ കേരളത്തിലെ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഈ റിപ്പോര്‍ട്ട് കുഞ്ചാക്കോ ബോബന്‍ തള്ളിക്കളയുകയായിരുന്നു. തങ്ങളുടെ ചിത്രം കേരളത്തിലെ തിയേറ്ററുകള്‍ നിന്നുമാത്രമായി 30 കോടിയോളം കളക്ട് ചെയ്തെന്നും കേരളത്തിന് പുറത്തും നല്ല രീതിയില്‍ സിനിമക്ക് കളക്ഷന്‍ ഉണ്ടായെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ഷൂട്ടിങ് നടക്കുമ്പോള്‍ തന്നെ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി മുടക്കുമുതലിന്റെ മുക്കാല്‍ പങ്കും തിരിച്ച് പിടിച്ചെന്നും റിലീസ് ചെയ്ത് മൂന്നാമത്തെ ദിവസം ലാഭത്തിലേക്ക് കടന്ന ചിത്രമാണിതെന്നും നടൻ വ്യക്തമാക്കിയിരുന്നു.

Content Highlights: Producers association responds to Kunchacko Boban

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us