നായികയുമായി 31 വയസ്സിന്റെ പ്രായവ്യത്യാസം; നടിക്കും പിതാവിനും പ്രശ്നമില്ലെങ്കിൽ ആർക്കാണ് കുഴപ്പമെന്ന് സൽമാൻ

'രശ്മിക വിവാഹം കഴിച്ച് ഒരു മകളുണ്ടാകുകയും അവള്‍ വലിയ താരമാകുകയും ചെയ്താല്‍ ഞാന്‍ അവള്‍ക്കൊപ്പവും ചേര്‍ന്ന് പ്രവര്‍ത്തിക്കും'

dot image

സൽമാൻ ഖാനെ നായകനാക്കി എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് 'സിക്കന്ദർ'. ബോളിവുഡിൽ ഏറെ ആരാധകരുള്ള സൂപ്പർതാരവും തെന്നിന്ത്യയുടെ ഹിറ്റ് മേക്കറും ഒന്നിക്കുന്ന സിനിമയുടെ മേൽ വലിയ ഹൈപ്പുമുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്നലെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ചിത്രത്തിൽ രശ്‌മിക മന്ദാനയാണ് സൽമാന്റെ നായികയായി എത്തുന്നത്. അടുത്തിടെ ഇരുവരുടെയും പ്രായം സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സല്‍മാന്‍ ഖാൻ. നായികയ്ക്കും അവരുടെ പിതാവിനും പ്രശ്‌നമില്ലെങ്കില്‍ മറ്റുള്ളവർക്ക് എന്താണ് പ്രശ്‌നമെന്ന് നടൻ ചോദിച്ചു.

''ഞാനും ചിത്രത്തിലെ നായികയും തമ്മില്‍ 31-വയസ്സിന്റെ പ്രായവ്യത്യാസമുണ്ടെന്ന് പലരും പറയുന്നു. നായികയ്‌ക്കോ അവരുടെ പിതാവിനോ പ്രശ്‌നമില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നം?. രശ്മിക വിവാഹം കഴിച്ച് ഒരു മകളുണ്ടാകുകയും അവള്‍ വലിയ താരമാകുകയും ചെയ്താല്‍ ഞാന്‍ അവള്‍ക്കൊപ്പവും ചേര്‍ന്ന് പ്രവര്‍ത്തിക്കും. അമ്മയുടെ അനുവാദം വാങ്ങിയിട്ടായിരിക്കും ഇത് ചെയ്യുക.' സൽമാൻ ഖാൻ പറഞ്ഞു.

അതേസമയം, സിനിമയുടെ ട്രെയ്ലറിന് മോശം പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സ്ഥിരം സൽമാൻ ചിത്രത്തെ പോലെയാണ് സിക്കന്ദർ അനുഭവപ്പെടുന്നതെന്നും ട്രെയ്‌ലർ ഒരു തരത്തിലുമുള്ള ഹൈപ്പും സിനിമയ്ക്ക് നൽകുന്നില്ലെന്നും പ്രേക്ഷകർ കമന്റ് ചെയ്തു. രണ്ട് മണിക്കൂർ 20 മിനിറ്റാണ് സിനിമയുടെ ദൈർഘ്യമെന്നാണ് സൂചന. സിനിമയുടെ ആദ്യ പകുതി ഒരു മണിക്കൂർ 15 മിനിറ്റും രണ്ടാം പകുതി ഒരു മണിക്കൂർ അഞ്ച് മിനിറ്റുമാണുള്ളത് എന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. സിനിമയുടെ ഓവർസീസ് പ്രീമിയറുകൾ മാർച്ച് 29 ന് നടക്കും. ഇത് രണ്ടാം തവണയാണ് ഒരു സൽമാൻ ചിത്രം ഞായറാഴ്ച റിലീസിനെത്തുന്നത്. നേരത്തെ ടൈഗർ സിന്ദാ ഹേ എന്ന സിനിമയാണ് ഞായറാഴ്ച തിയേറ്ററിലെത്തിയ മറ്റൊരു സൽമാൻ സിനിമ.

സൽമാനോടൊപ്പം, രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ താരനിര സിക്കന്ദറിൽ അണിനിരക്കുന്നുണ്ട്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സല്‍മാന്‍ ഖാന്റെ ഇന്‍ട്രൊ സീനാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ചിത്രത്തിന്റെ സംവിധായകനായ എ ആര്‍ മുരുഗദോസ് പറഞ്ഞിരുന്നു. സല്‍മാന്‍ ഖാന്റെ താരപരിവേഷം കൂടി കണക്കിലെടുത്താണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതെന്നും ആക്ഷന്‍ കൂടാതെ കുടുംബന്ധങ്ങള്‍ക്ക് കൂടി പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Salman Khan responds to age gap criticisms from media

dot image
To advertise here,contact us
dot image