
വിജയ് നായകനാകുന്ന ജനനായകന്‍ സിനിമയുടെ റിലീസ് തീയതി പുറത്ത്. അടുത്ത വര്‍ഷം പൊങ്കല്‍ റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. 2026 ജനുവരി 9 ആണ് റിലീസ് തീയതി.
സമൂഹമാധ്യമങ്ങളിലൂടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചാണ് വിജയ് ജനനായകന്റെ വരവറിയിച്ചത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ കൊമേര്‍ഷ്യല്‍ എന്റര്‍ടൈനര്‍ ആയാണ് ഒരുങ്ങുന്നത്.
ഇതിനോടകം പുറത്തുവന്ന സിനിമയുടെ പോസ്റ്ററുകള്‍ക്ക് വലിയ വരവേല്‍പ്പാണ് ലഭിച്ചത്. റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്ററും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞു.
തമിഴക മുന്നേട്ര കഴകം എന്ന പാര്‍ട്ടിയുമായി സജീവരാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ്‌യുടെ അവസാന സിനിമയാകും ഇതെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ട് വലിയ ഹൈപ്പോടെയാണ് സിനിമയെത്തുന്നത്. തമിഴ്‌നാടിന്റെ ഇളയ ദളപതിയെ തിയേറ്ററില്‍ കാണാന്‍ കഴിയുന്ന അവസാന അവസരത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകര്‍.
ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം. ഛായാഗ്രഹണം- സത്യന്‍ സൂര്യന്‍, എഡിറ്റിംഗ്- പ്രദീപ് ഇ രാഘവ്, ആക്ഷന്‍- അനില്‍ അരശ്, കലാസംവിധാനം- വി സെല്‍വ കുമാര്‍, കൊറിയോഗ്രാഫി- ശേഖര്‍, സുധന്‍, വരികള്‍- അറിവ്, വസ്ത്രാലങ്കാരം- പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനര്‍- ഗോപി പ്രസന്ന, മേക്കപ്പ്- നാഗരാജ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വീര ശങ്കര്‍.
Content Highlights: Thalapathy Vijay's Jananayakan movie release date out