കേട്ടത് ശരിയാണ്!, അജിത്തിനെ സംവിധാനം ചെയ്യാനൊരുങ്ങി ധനുഷ്; സ്ഥിരീകരിച്ച് നിർമാതാവ്

ഇഡ്ലി കടൈയാണ് ഇനി പുറത്തിറങ്ങാനുള്ള ധനുഷ് ചിത്രം. സിനിമയിൽ അരുൺ വിജയ്‌യും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്

dot image

മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിനോടൊപ്പം സംവിധാനത്തിലും തിളങ്ങുകയാണ് ധനുഷ്. മൂന്ന് സിനിമകളാണ് ഇതുവരെ ധനുഷിന്റേതായി പുറത്തിറങ്ങിയിട്ടുള്ളത്. നാലാമത്തെ സിനിമയായ ഇഡ്ലി കടൈയുടെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. നടൻ അജിത്തിനെ നായകനാക്കി ധനുഷ് ഒരു സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നു എന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ അതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നിർമാതാവ് ആകാശ് ഭാസ്കരൻ.

'കേട്ട വാർത്തകൾ ശരിയാണ്. അജിത് സാറിനൊപ്പമുള്ള ധനുഷിന്റെ ചിത്രം അതിന്റെ തുടക്കഘട്ടത്തിലാണ്. സിനിമയുടെ ഡിസ്കഷൻ നടക്കുകയാണ്', എന്നാണ് സിനിമ വികടന് നൽകിയ അഭിമുഖത്തിൽ ആകാശ് ഭാസ്കരൻ പറഞ്ഞത്. ആകാശിന്റെ ഉടമസ്ഥതയിലുള്ള ഡോൺ പിക്ചേഴ്സ് ആകും സിനിമ നിർമിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. 'നിലാവുക്ക് എൻ മേല്‍ എന്നടി കോപം' എന്ന റൊമാന്റിക് കോമഡി ചിത്രമാണ് ധനുഷിന്റേതായി അവസാനം തിയേറ്ററിലെത്തിയ സിനിമ. രായൻ, പവർ പാണ്ടി എന്നീ സിനിമകൾക്ക് ശേഷം ധനുഷ് സംവിധാനം ചെയ്ത ചിത്രമാണിത്. വലിയ പ്രതീക്ഷയിൽ തിയേറ്ററിലെത്തിയ സിനിമയ്ക്ക് നിർഭാഗ്യവശാൽ ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കാനായില്ല. ധനുഷിന്റെ തന്നെ വണ്ടർബാർ ഫിലിംസ് ആണ് നിലാവുക്ക് എൻ മേല്‍ എന്നടി കോപം നിർമിച്ചത്. മലയാളിതാരങ്ങളായ മാത്യു തോമസ്, അനിഖ സുരേന്ദ്രൻ, പ്രിയാ വാര്യർ എന്നിവരാണ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. വെങ്കിടേഷ് മേനോൻ, റാബിയ ഖാത്തൂൺ, രമ്യ രംഗനാഥൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ഇഡ്ലി കടൈയാണ് ഇനി പുറത്തിറങ്ങാനുള്ള ധനുഷ് ചിത്രം. ഇഡ്‌ലി കടൈയിൽ അരുൺ വിജയ്‌യും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തിരുച്ചിത്രമ്പലത്തിന് ശേഷം ധനുഷും നിത്യ മേനനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ധനുഷിന്റെ കരിയറിലെ 52 -ാം ചിത്രവും നാലാമത്തെ സംവിധാന സംരംഭവുമാണ് ഇഡ്‌ലി കടൈ. രാജ്കിരണും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Content Highlights: Dhanush is all set to direct Ajith Kumar says Producer Akash

dot image
To advertise here,contact us
dot image