
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ റിലീസിന് മുമ്പ് തന്നെ ലോകം മുഴുവൻ തരംഗമാവുകയാണ്. ലോകം മുഴുവൻ റെക്കോർഡ് ബുക്കിങ്ങാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തും ചിത്രത്തിന് ഗംഭീര വരവേൽപ്പാണ് ലഭിക്കുന്നത്.
ഇപ്പോഴിതാ മലയാളി വിദ്യാർത്ഥികൾക്ക് എമ്പുരാൻ കാണാനായി ഫണ്ട് അനുവദിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ എഡിത്ത് കോവൻ യൂണിവേഴ്‌സിറ്റി. സിനിമ കാണുന്നതിനായി ഏകദേശം അമ്പതിനായിരം ഇന്ത്യൻ രൂപയാണ് യൂണിവേഴ്‌സിറ്റി അനുവദിച്ചത്. യൂണിവേഴ്‌സിറ്റിയിലെ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് എമ്പുരാന്റെ പ്രത്യേക ഷോ നടത്തുന്നത്.
യൂണിവേഴ്‌സിറ്റിയിലെ 65 ഓളം വിദ്യാർത്ഥികൾക്ക് ഇതിലൂടെ സിനിമ കാണാൻ സാധിക്കും. ഓസ്‌ട്രേലിയയിലെ പ്രമുഖ തിയേറ്ററായ ഇവന്റ് തിയേറ്ററിന്റെ വിമാക്‌സ് തിയേറ്ററിലാണ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾക്കായി ഷോ സംഘടിപ്പിക്കുന്നത്.
'എമ്പുരാൻ സിനിമയെ കുറിച്ച് യൂണിവേഴ്‌സിറ്റി അധികൃതരോട് പറഞ്ഞപ്പോൾ അവരും എക്‌സൈറ്റഡ് ആയിരുന്നു. തുടർന്നാണ് മലയാളി ക്ലബ് വഴി എമ്പുരാൻ കാണുന്നതിന് യൂണിവേഴ്‌സിറ്റിയിലെ സ്റ്റുഡന്റ് ഗിൽഡ് വഴി 880 ഓസ്‌ട്രേലിയൻ ഡോളർ യൂണിവേഴ്‌സിറ്റി അനുവദിച്ചത്' എന്ന് മലയാളി ക്ലബിന്റെ ഭാരവാഹികളിൽ ഒരാളായ ആദം ഹാരി റിപ്പോർട്ടറിനോട് പ്രതികരിച്ചു. വിദ്യാർത്ഥികളുടെ സന്തോഷത്തിനാണ് യൂണിവേഴ്‌സിറ്റി പ്രാധാന്യം നൽകുന്നതെന്നും ആദം പ്രതികരിച്ചു. ഓസ്റ്റിൻ, യോഗിത, സൽമാൻ, ആഷ്‌ലി ഷാജി, ജോയൽ, ജോവി ആർ ജോയ്, തുടങ്ങിയവരാണ് യൂണിവേഴ്‌സിറ്റിയുടെ മലയാളി ക്ലബ്ബിലെ മറ്റ് ഭാരവാഹികൾ.
വെസ്റ്റേൺ ഓസ്ട്രേലിയയിലെ ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ് എഡിത്ത് കോവൻ യൂണിവേഴ്‌സിറ്റി. ഓസ്ട്രേലിയൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതയാണ് എഡിത്ത് കോവൻ. ഇവരുടെ പേരാണ് യൂണിവേഴ്‌സിറ്റിക്ക് നൽകിയിരിക്കുന്നത്.
മാർച്ച് 27-നാണ് ആഗോള റിലീസായി എമ്പുരാൻ എത്തുന്നത്. ചിത്രത്തിൻറെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് റെക്കോഡുകൾ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുകയുമാണ്. ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ 645K ടിക്കറ്റുകൾ ആണ് ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷൻ വഴി മാത്രം ഇന്ത്യയിൽ വിറ്റത്.
ആഗോളതലത്തിൽ ഇതിനോടകം 65 കോടിയോളം രൂപ പ്രീ ബുക്കിങിലൂടെ സിനിമ സ്വന്തമാക്കിയിട്ടുണ്ട്. ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ്, ലൈക്ക പ്രൊഡക്ഷൻസ്, എന്നിവയുടെ ബാനറിൽ ആൻറണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ, സുഭാസ്‌കരൻ എന്നിവർ ചേർന്നാണ് എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്.
മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണെന്ന പ്രത്യേകതയുമുണ്ട്.
Content Highlights: Empuraan wave in Australia too Australian university provides funds for Malayali students to watch the film