
മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ എമ്പുരാനായുള്ള അക്ഷമയോടുള്ള കാത്തിരിപ്പിലാണ് ആരാധകർ. എമ്പുരാന് പിന്നാലെ മോഹൻലാൽ നായകനാകുന്ന മറ്റൊരു ചിത്രം കൂടി റിലീസ് കാത്ത് നിൽപ്പുണ്ട്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും. ഇരു സിനിമകളുടെയും ഓരോ അപ്ഡേറ്റുകൾക്കും സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോൾ ഇരുസിനിമകളുടെയും പോസ്റ്ററുകൾ ചേർത്തുള്ള ഫാൻ മെയിഡ് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
തുടരും സിനിമയിലെ സ്‌പ്ലെന്‍ഡര്‍ ബൈക്ക് ഓടിച്ച് പോകുന്ന മോഹൻലാലിന്റെ പോസ്റ്ററിൽ ഖുറേഷി അബ്‌റാമിനെയും സയ്യിദ് മസൂദിനെയും ചേർത്തുവെച്ചതാണ് ഈ ഫാൻ മെയിഡ് പോസ്റ്റർ. സിദ്ധീഖുല്‍ അക്ബര്‍ എന്ന ആരാധകനാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. തരുൺ മൂർത്തിയും ഈ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. 'ക്രോസ് ഓവര്‍ അറ്റ് ഇറ്റ്‌സ് ബെസ്റ്റ്', 'പറപ്പിക്ക് പാപ്പാ' എന്ന ക്യാപ്ഷനോടെയാണ് തരുണ്‍ മൂര്‍ത്തി പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.
മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. 2004 ല്‍ ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാല'ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.
ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിലെ നടന്റെ കഥാപാത്രത്തെ കണ്ടപ്പോൾ ഭ്രമരത്തിലെ മോഹൻലാലിനെ ഓർമ്മ വന്നു എന്നാണ് ഛായാഗ്രഹകൻ ഫായിസ് സിദ്ദിഖ് ഈ അടുത്ത് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്.
Content Highlights: Fan made poster combining Empuraan and Thudarum got viral in social media