
മലയാളത്തിലെ 'ദി മോസ്റ്റ് അവൈറ്റിങ്' മൂവി ഏതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ സിനിമാപ്രേമികൾ ഒന്നടങ്കം പറയുകയുള്ളൂ, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എമ്പുരാൻ. ക്വാളിറ്റി കൊണ്ടും താരനിര കൊണ്ടും ചിത്രം ഞെട്ടിക്കുമെന്ന പ്രതീക്ഷയിലാണ് ഏവരും. സിനിമയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒട്ടുമുക്കാൽ പേരെയും അണിയറപ്രവർത്തകർ പുറത്തുവിട്ടുവെങ്കിലും ചുവന്ന ഡ്രാഗണിന്റെ ചിത്രമുള്ള ഷര്‍ട്ട് ധരിച്ച് പുറം തിരിഞ്ഞ് നില്‍ക്കുന്ന കഥാപാത്രം ആരായിരിക്കുമെന്നതിന്റെ ആകാംക്ഷയിലാണ് ആരാധകർ. ബോളിവുഡ് താരം ആമിർ ഖാന്റെ ഉൾപ്പടെയുള്ള പേരുകൾ പറയപ്പെടുന്നുണ്ടെങ്കിലും അതിൽ ഏറ്റവും അധികം ഉയർന്നു കേൾക്കുന്ന പേര് റിക്ക് യൂണിന്റേതാണ്.
ഇതിന്റെ ചുവടുപിടിച്ച് റിക്ക് യൂണിന്റെ ഇൻസ്റ്റഗ്രാം പേജിൽ ചോദ്യങ്ങളുമായെത്തിയിരിക്കുകയാണ് മലയാളി ആരാധകർ. നടൻ കഴിഞ്ഞ ദിവസം ഇൻസ്റ്റയിൽ പങ്കുവെച്ച ചിത്രത്തിന് താഴെ നിറയെ മലയാളി ആരാധകരുടെ കമന്റുകളാണ്. എല്ലാവർക്കും ചോദിക്കാനുളളത് ഒറ്റ ചോദ്യമാണ് 'എമ്പുരാനിൽ റിക്ക് യൂൺ വില്ലനാകുമോ?' എന്നത്. 'ഒരു പുറം തിരിഞ്ഞുള്ള പിക്ക് ഇടൂ… ഒരു കാര്യം നോക്കാനായിരുന്നു', 'കൊച്ചുകള്ളൻ നമ്മൾ കണ്ടുപിടിക്കില്ല എന്ന് കരുതിയോ', 'ആശാനേ നമ്മൾ കണ്ടുപിടിച്ചു', 'നിങ്ങാളാണോ എമ്പുരാന്റെ വില്ലൻ' എന്നിങ്ങനെ പോകുന്നു കമന്റുകൾ.
Comment off 😂😂#Rickyune #L2E pic.twitter.com/F33cWdM80x
— Unni Rajendran (@unnirajendran_) March 25, 2025
ഈ അടുത്ത് റിക്ക് യൂണിന്റെ കാസ്റ്റിങ് ഏജൻസി നടൻ ഇന്ത്യന്‍ സിനിമയുടെ ഭാഗമാകുന്നു എന്ന് പറഞ്ഞുകൊണ്ട് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടൻ എമ്പുരാനിലെ ചുവന്ന ഡ്രാഗണിന്റെ ചിത്രമുള്ള ഷര്‍ട്ട് ധരിച്ച വ്യക്തിയായിരിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചത്. കൊറിയൻ പശ്ചാത്തലമുള്ള ഹോളിവുഡ് നടനാണ് റിക്ക് യൂൺ. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്, ഡൈ അനദർ ഡേ, നിൻജ അസാസിൻ, ഒളിമ്പസ് ഹാസ് ഫോളൻ തുടങ്ങിയ സിനിമകളിൽ റിക്ക് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
അതേസമയം മാർച്ച് 27 നാണ് എമ്പുരാൻ തിയേറ്ററുകളിൽ എത്തുന്നത്. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറേഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്. ലൂസിഫറിൽ കേരള മുഖ്യമന്ത്രിയായി എത്തിയ ടൊവിനോയുടെ ജതിൻ രാംദാസ് എമ്പുരാനിലും എത്തുന്നുണ്ട്.
Content Highlights: Malayali fans question Rick Yune's Instagram page about whether he is the villain of Empuraan