മോഹന്‍ലാലിന് തെറ്റിദ്ധാരണ; മമ്മൂട്ടിയ്ക്കായി നടത്തിയ വഴിപാടിന്റെ രസീത് പുറത്തുവന്നതില്‍ ദേവസ്വം ബോര്‍ഡ്

"വഴിപാട് രസീതിന്റെ ഭക്തന് നല്‍കുന്ന ഭാഗമാണ് മാധ്യമങ്ങള്‍ വഴി പ്രചരിച്ചത്"

dot image

ശബരിമലയില്‍ നടന്‍ മമ്മൂട്ടിയ്ക്കായി മോഹന്‍ലാല്‍ നടത്തിയ വഴിപാടിന്റെ രസീത് പുറത്തുവന്നതില്‍ വിശദീകരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. രസീത് വിവരങ്ങള്‍ പരസ്യപ്പെടുത്തിയത് ദേവസ്വം ഉദ്യോഗസ്ഥരല്ലെന്ന് ബോര്‍ഡ് അറിയിച്ചു. വളരെ വ്യക്തിപരമായി നടത്തിയ പ്രാര്‍ത്ഥനയായിരുന്നെന്നും ദേവസ്വം ബോര്‍ഡിലെ ആരോ ആ രസീത് ലീക്ക് ചെയ്തതാണെന്നും കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇതിനോടാണ് ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രതികരിച്ചിരിക്കുന്നത്.

മോഹന്‍ലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണ്. രസീത് വിവരങ്ങള്‍ പരസ്യപ്പെടുത്തിയത് ദേവസ്വം ഉദ്യോഗസ്ഥരല്ല. വഴിപാട് രസീതിന്റെ ഭക്തന് നല്‍കുന്ന ഭാഗമാണ് മാധ്യമങ്ങള്‍ വഴി പ്രചരിച്ചത്. ഒരു വഴിപാട് ഒടുക്കുമ്പോള്‍ കൗണ്ടര്‍ ഫോയില്‍ മാത്രമാണ് ദേവസ്വം സൂക്ഷിക്കുക. രസീതിന്റെ ബാക്കി ഭാഗം വഴിപാട് നടത്തുന്ന ആള്‍ക്ക് കൈമാറും. ഉദ്യോഗസ്ഥരുടെ ഭാഗത്ത് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

മമ്മൂട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് ചില ആശങ്കകള്‍ ഉയര്‍ന്നതിനിടെ ആയിരുന്നു മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം ശബരിമലയില്‍ അദ്ദേഹത്തിനായി വഴിപാട് നടത്തിയത്. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം എന്ന പേരില്‍ നടത്തിയ ഉഷപ്പൂജയുടെ രസീത് പുറത്തുവന്നതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. മോഹന്‍ലാലും മമ്മൂട്ടിയും തുടരുന്ന ശക്തമായ സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും അടയാളമായിട്ടായിരുന്നു ഈ സംഭവത്തെ ഏറെ പേര്‍ കണ്ടത്.

കഴിഞ്ഞ ദിവസം മോഹന്‍ലാലിന്റെ പുതിയ ചിത്രമായ എമ്പുരാന്റെ പ്രമോഷന്റെ ഭാഗമായി ചെന്നൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വഴിപാടിനെ കുറിച്ചും ചോദ്യമുയര്‍ന്നിരുന്നു. 'അത് തീര്‍ത്തും പേഴ്സണലായ കാര്യമാണ്. നിങ്ങള്‍ ഒരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് എന്തിന് പുറത്ത് പറയണം. അദ്ദേഹത്തിന് വേണ്ടി ഒരു പൂജ ചെയ്തു. ദേവസ്വം ബോര്‍ഡിലെ ആരോ ആ രസീത് ലീക്ക് ചെയ്തു. ഞാന്‍ നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം എന്ന് പലരും പറയും, എന്നിട്ട് അത് ചെയ്യില്ല. നിങ്ങള്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ചെയ്യണം. അദ്ദേഹം എന്റെ സുഹൃത്തും സഹോദരനുമാണ്. അദ്ദേഹത്തിന് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചു,' എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ഇതിനെ പിന്നാലെയാണ് ഇപ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം പുറത്തുവന്നിരിക്കുന്നത്.

Content Highlights: Travancore Devaswom Board on Mohanlal's prayer offering for Mammootty receipt leak issue

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us