
വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവരും തമ്മിൽ കാത്തുസൂക്ഷിക്കുന്ന സൗഹൃദവും എപ്പോഴും ചർച്ചയാകാറുണ്ട്. ഏറെ നാളുകൾക്കിപ്പുറം മഹേഷ് നാരയണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൂടെ ഇരുവരെയും വീണ്ടും സ്‌ക്രീനിൽ ഒന്നിച്ച് കാണാനാകും എന്നതിന്റെ ആവേശത്തിലാണ് മലയാള സിനിമാലോകം. ഇപ്പോൾ ആ സിനിമയെക്കുറിച്ചും മമ്മൂട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ചും മോഹൻലാലിന്റെ പ്രതികരണം ശ്രദ്ധ നേടുകയാണ്.
'ഞങ്ങൾ ആ സിനിമയുടെ ഷൂട്ടിംഗ് കൊളംബോയിൽ ആരംഭിച്ചു. അതിന് ശേഷം ഡൽഹി, ബാക്കു എന്നിവിടങ്ങളിൽ ചിത്രീകരിച്ചു. മമ്മൂട്ടി ഷാർജയിൽ ചില ഭാഗങ്ങൾ ചിത്രീകരിച്ചു. ഇനി വിശാഖപട്ടണം, കേരളം, യുകെ എന്നിവിടങ്ങളിൽ ചിത്രീകരിക്കാനുണ്ട്. അതൊരു വലിയ സിനിമയാണ്,' എന്നാണ് മഹേഷ് നാരായണൻ ചിത്രത്തെക്കുറിച്ച് മോഹൻലാൽ പറഞ്ഞത്. എമ്പുരാന്റെ പ്രമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
വർഷങ്ങൾക്കിപ്പുറം മമ്മൂട്ടിക്കൊപ്പം ഒരു സെറ്റിൽ വർക്ക് ചെയ്തതിനെക്കുറിച്ച് അവതാരകൻ ചോദിച്ചപ്പോൾ 'ഞങ്ങളുടെ 55 -ാമത്തെ സിനിമയാണിത്. ഇന്നലെ കൂടി ഞങ്ങൾ ഫോണിൽ സംസാരിച്ചതേയുള്ളൂ. അദ്ദേഹം എമ്പുരാന്റെ ട്രെയ്‌ലർ കണ്ടു. എന്നെയും ആന്റണിയെയും അദ്ദേഹം വിളിച്ചിരുന്നു. സെറ്റിൽ വെച്ച് കാണുമ്പോൾ അതിന് പ്രത്യേകത ഒന്നുമില്ല. എല്ലാദിവസവും ഞങ്ങൾ തമ്മിൽ മെസ്സേജ് അയക്കും. കഴിഞ്ഞ 47 വർഷമായി ഞങ്ങൾ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്,' എന്നായിരുന്നു മോഹൻലാലിന്റെ പ്രതികരണം.
അതേസമയം ഈ ചിത്രം സാമ്പത്തിക പ്രശ്നങ്ങൾ മൂലവും മമ്മൂട്ടിയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലവും നിർത്തിവെച്ചതായി അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നുവെങ്കിലും ഇതെല്ലാം നിര്‍മാതാക്കളില്‍ ഒരാളായ സലിം റഹ്മാന്‍ തള്ളിക്കളയുകയുണ്ടായി. മമ്മൂട്ടിക്കെതിരെയും സിനിമയ്‌ക്കെതിരെയും പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. മാര്‍ച്ച് അവസാനത്തോടെ ചിത്രീകരണം പുനരാരംഭിക്കാന്‍ ഇരിക്കുന്ന വേളയിൽ ഇത്തരം പ്രചരണങ്ങൾ മലയാള സിനിമയെ തകർക്കാൻ വേണ്ടിയാണെന്ന് സലിം റഹ്മാൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരുന്നു.
Content Highlights: Mohanlal talks about the Mahesh Narayanan movie and friendship with Mammootty