
അർജുൻ റെഡ്‌ഡി, അനിമൽ എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്കിടയിൽ തരംഗമുണ്ടാക്കിയ സംവിധായകനാണ് സന്ദീപ് റെഡ്‌ഡി വങ്ക. രൺബീറിനെ നായകനാക്കി ഒരുക്കിയ അനിമലിന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സ്പിരിറ്റ്'. പ്രഭാസ് നായകനായി എത്തുന്ന സിനിമക്ക് മേൽ വലിയ പ്രതീക്ഷകളാണുള്ളത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് വരുന്ന അപ്ഡേറ്റ് ഏറെ ചർച്ചയാവുകയാണ്.
ചിത്രത്തിൽ കൊറിയൻ നടൻ മാ ഡോങ് സിയോക് എന്ന ഡോൺ ലീ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന തരത്തിയിൽ നേരത്തെ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ വിജയ് സേതുപതിയായിരിക്കും സിനിമയിലെ പ്രധാന വില്ലനാവുക എന്നാണ് പുതിയ റിപ്പോർട്ട്. സന്ദീപ് റെഡ്‌ഡി വിജയ് സേതുപതിയുമായി കൂടിക്കാഴ്ച നടത്തിയെന്നും കൂടുതൽ ചർച്ചകൾ നടക്കുകയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചിത്രത്തിന്റെ ഷൂട്ടിംഗ് 2025 മെയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഹൈദരാബാദിലാണ് സിനിമയുടെ ആദ്യ ഷെഡ്യൂൾ നടക്കുക. തുടർന്ന് ഇന്ത്യയിലും വിദേശത്തുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ നടക്കുകയാണ്. 2026 അവസാനത്തോടെ ചിത്രം തിയേറ്ററിലെത്തിക്കാൻ ആണ് അണിയറപ്രവർത്തകരുടെ പദ്ധതി. വമ്പൻ താരനിരയാണ് സിനിമയിലുള്ളത്.
അതേസമയം, നാഗ് അശ്വിന്‍ സംവിധാനം ചെയ്ത 'കല്‍ക്കി 2898 എഡി'യാണ് പ്രഭാസിന്റെ ഏറ്റവും ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്താണ് ഈ ബ്രഹ്‌മാണ്ഡ ചിത്രം നിര്‍മ്മിച്ചത്. 2024 ജൂണ്‍ 27-ന് തിയറ്ററിൽ എത്തിയ ചിത്രം 1000 കോടിയും കടന്നാണ് തിയേറ്റർ വിട്ടത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ.
Content Highlights: Vijay Sethupathi is in talks to play the antagonist in Prabhas's 'Spirit'